കൊച്ചി: ചേരാം ചേരാനല്ലൂരിനൊപ്പം പദ്ധതിയില്‍  നിര്‍മ്മിക്കുന്ന ശുചിമുറികളുടെ നിര്‍മ്മാണോദ്ഘാടനം കൊച്ചി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍  പ്രസിഡന്റ് ഡോ.എം.ഐ ജുനൈദ് റഹ്മാന്‍ നിര്‍വ്വഹിച്ചു.
ചേരാനല്ലൂര്‍ പഞ്ചായത്ത് 8-ാം വാര്‍ഡില്‍  രാജീവ് നഗര്‍ കോളനിയിലെ 18 വീടുകളിലാണ് പദ്ധതിയുടെ ഭാഗമായി ശുചിമുറികള്‍ നിര്‍മ്മിക്കുക.  കൊച്ചി  ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ്  ഈ  പദ്ധതി സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.
ചേരാനല്ലൂര്‍ പഞ്ചായത്തിലെ ആനാട്ട്മുട്ട് തോടിനോട് ചേര്‍ന്ന് കിടക്കുന്ന  രാജീവ് നഗര്‍ കോളനിയില്‍ പ്രളയത്തെ തുടര്‍ന്ന് വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായിരുന്നു. ഹൈബി ഈഡന്‍ എം.എല്‍ .എ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കൊച്ചി  ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍  മുന്‍ പ്രസിഡന്റ് ഡോ.വര്‍ഗീസ് ചെറിയാന്‍, സെക്രട്ടറി ഡോ.ഹനീഷ്, ചേരാനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സോണി ചീക്കു, വൈസ് പ്രസിഡന്റ് സി.കെ രാജു, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വിന്‍സി ഡേറിസ്, പഞ്ചായത്ത് മെമ്പര്‍ ലിസ ജോളി തുടങ്ങിയവര്‍  പങ്കെടുത്തു.