ആലപ്പുഴ : പുതുവർഷത്തിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഒരുക്കുന്ന വനിതാ മതിൽ കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിന്റെ ഭാഗമായി മാറുമെന്ന് കേരള പുലയർ മഹിളാ ഫെഡറേഷൻ ആലപ്പുഴ ജില്ലാ കമ്മിറ്റി ആഭിപ്രായപ്പെട്ടു . വനിത മതിൽ സംഘാടനവുമായി ബന്ധപ്പെട്ട് മാവേലിക്കര ടൗൺഹാളിൽ ചേർന്ന കെ.പി.എം.എഫ് ജില്ലാ പ്രത്യേക കൺവെൻഷനിലാണ് അഭിപ്രായമുയർന്നത്. യോഗത്തിൽ കെപിഎംഎഫ് ആലപ്പുഴ ജില്ല പ്രസിഡന്റ് കുഞ്ഞൂഞ്ഞമ്മ ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു. കെപിഎംഎസ് സംസ്ഥാന ട്രഷറർ എൽ. രമേശ് ഉദ്ഘാടനം ചെയ്തു. കേരളം നേടിയെടുത്ത മൂല്യങ്ങൾ സംരക്ഷിക്കുകയെന്നുള്ളത് വർത്തമാനകാലഘട്ടത്തിൽ ഏറ്റവും അനിവാര്യമായിരിക്കുകയാണെന്നും അതിനായി സംസ്ഥാന സർക്കാർ എടുത്തിരിക്കുന്ന നിലപാടുകളുമായി സഹകരിച്ചു പോകേണ്ടത് കെപിഎംഎസിന്റെ കടമയാണെന്നു ം അദ്ദേഹം പറഞ്ഞു. കെപിഎംഎസ് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ബൈജു കലാശാല വനിത മതിലിന്റെ പ്രാധാന്യത്തെ പറ്റി മുഖ്യപ്രഭാഷണം നടത്തി. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് രേഖപ്പെടുത്തുമെന്നും വനിത മതിലിനെതിരെ നിൽക്കുന്നവർ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിൽ തള്ളപ്പെടുമെന്നും അദ്ദേഹം പറഞ്ഞു..

നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപിടിക്കാൻ പൊതു സമൂഹം ആവശ്യപ്പെട്ടിരിക്കുകയാണ്. അതിനാൽ അതുമായി കൂടുതൽ ഇഴുകിച്ചേർന്നു പോകുകയെന്നുള്ളതാണ് പ്രസ്ഥാനത്തിന്റെ കടമയെന്നും ബൈജു കലാശാല പറഞ്ഞു. കെപിഎംഎഫ് സംസ്ഥാന കമ്മിറ്റി അംഗം അനിത പവിത്രൻ, കെപിഎംഎസ് ജില്ലാ പ്രസിഡന്റ് ടി.ആർ. ശിശുപാലൻ, സെക്രട്ടറി എ.പി. ലാൽകുമാർ, ട്രഷറർ കെ. കാർത്തികേയൻ, മഹിള ഫെഡറേഷൻ ഭാരവാഹികളായ കവിത രാജു, തങ്കമണി അച്യുതൻ, സുജാത കായംകുളം തുടങ്ങിയവർ പ്രസംഗിച്ചു. വനിത മതിലിന്റെ വിജയത്തിനായി ജില്ലയിലെ 17 താലൂക്ക് യൂണിയനുകളിലും 340 ശാഖകളിലും പ്രത്യേക കൺവൻഷനുകൾ ചേർന്ന് സംഘാടക സമിതി രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. പ്രചരണത്തിന്റെ ഭാഗമായി പോസ്‌ററുകൾ, ബോർഡുകൾ, പ്രദർശനവും , ചുരെഴുത്തുകളും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടത്തി. ശാഖകളുടെ നേതൃത്വത്തിൽ വനിത മതിലിന്റെ പ്രധാന്യം വിളിച്ചോതി ഗൃഹസമ്പർക്കപരിപാടികളും കെപിഎംഎഫിന്റെ നേതൃത്വത്തിൽ നടത്തി വരുന്നതായി ജില്ല ഭാരവാഹികൾ അറിയിച്ചു. ജില്ലയിൽ നിന്നും ഒരു ലക്ഷം വനിതകളെ ദേശീയ പാതയിൽ സൃഷ്ടിക്കുന്ന വനിത മതിലിൽ പങ്കാളിയാക്കുമെന്നും ജില്ലാ പ്രസിഡന്റ് കുഞ്ഞൂഞ്ഞമ്മ ജനാർദ്ദനൻ അറിയിച്ചു.