ചെങ്ങന്നൂർ : മഹാപ്രളയത്തെ തുടർന്ന് പുസ്തകങ്ങളും, മറ്റ് വസ്തുക്കളും നശിച്ച ചെങ്ങന്നൂർ താലൂക്കിലെ വിവിധ ഗ്രന്ഥശാലകൾക്ക് ബ്ലോക്ക് പഞ്ചായത്തിന്റെ സഹായം.
. ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 13 ലക്ഷം രൂപയാണ് നൽകുന്നത്. ആദ്യ ഘട്ടമായി അഞ്ചു ലക്ഷം രൂപ നൽകും.
. ആലാ പഞ്ചായത്തിലെ പെണ്ണുക്കര വിശ്വഭാരതി ഗ്രന്ഥശാലയിൽ നടന്ന ചടങ്ങിൽ ആദ്യ ഘട്ട വിതരണം ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് ജി. വിവേക് അധ്യക്ഷത വഹിച്ചു. ഒൻപത് ഗ്രന്ഥശാലകൾക്കാണ് സഹായം നൽകിയത്. പാണ്ടനാട് എം വി ഗ്രന്ഥശാല, പെണ്ണുക്കര വിശ്വഭാരതി, ബുധനൂർ കലാപോഷിണി, പുലിയൂർ ജ്ഞാനപ്രദായനി, വെൺമണി പഞ്ചായത്ത് ലൈബ്രറി, എണ്ണയ്ക്കാട് കൈരളി, പുന്തല ഗ്രാമദീപം, നെടുവരം കോട് പീപ്പിൾസ് , തിരുവൻവണ്ടൂർ പബ്ലിക് എന്നീ ലൈബ്രറികൾക്കാണ് ആദ്യഘട്ടത്തിൽ സഹായം നൽകിയത്. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ആർ മുരളീധരൻപിള്ള, ജില്ലാ എക്‌സിക്യുട്ടീവ് അംഗം ജി. കൃഷ്ണകുമാർ, ചെങ്ങന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എൽ . പി സത്യപ്രകാശ്, സെക്രട്ടറി ബി. ഷാജ്‌ലാൽ തുടങ്ങിയവർ പ്രസംഗിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ , വിവിധ ഗ്രന്ഥശാല ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.