എല്ലാ മേഖലയിലും അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തിയതായി മന്ത്രി കെ എൻ ബാലഗോപാൽ. നെടുവത്തൂർ ഗ്രാമപഞ്ചായത്തിൽ പുതുതായി നിർമ്മിച്ച സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കായിക വിനോദങ്ങൾക്ക് വേദിയാകുന്നതോടൊപ്പം പൊതുഇടവും കൂടിയാകണം സ്റ്റേഡിയം. മൈതാനത്തിലെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നെല്ലിക്കുന്നത്ത് സ്പോർട്സ് ഗ്രൗണ്ടിന് ഫണ്ടായി. മൈലത്തും സ്റ്റേഡിയം നിർമാണം ഉടൻ ആരംഭിക്കും. എല്ലാ പഞ്ചായത്തുകളിലും പ്ളേഗ്രൗണ്ടുകൾ വരികയാണ്. കൊട്ടാരക്കര ശ്രീധരൻ നായരുടെയും ഭരത് മുരളിയുടെയും പേരിലുള്ള തിയേറ്റർ- സാംസ്കാരിക സമുച്ചയത്തിന്റെ നിർമാണോദ്ഘാടനം കില്ലൂരിൽ ഉടനെ നടത്തും. കൊട്ടാരക്കരയിൽ ആർട്സ് ആൻഡ് സയൻസ്, നഴ്സിങ് കോളജുകളും, സോഹോ ക്യാമ്പസും യഥാർഥ്യമായി. ഐടി പാർക്ക് വരുന്നതിനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുന്നു. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ തീർത്ഥാടകർക്ക് വിശ്രമിക്കാനായി അംനെറ്റി സെൻററും ഉടൻ നിർമാണം ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ആസ്തി വികസന ഫണ്ടിൽ നിന്നും 1.5 കോടി രൂപ ചെലവഴിച്ചാണ് സ്റ്റേഡിയം നിർമിച്ചത്.

നെടുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ വി വിദ്യ അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് കൃഷ്ണകുമാർ, സ്ഥിരം സമിതി അധ്യക്ഷ അജിത ബിജു, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആർ പ്രശാന്ത്, എൽ ശൈലജ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ആർ അരുൺ ബാബു, ജില്ലാ പഞ്ചായത്ത് അംഗം സുമലാൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു

.