കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഇന്ത്യയിലെ മികച്ച സേനയായി സംസ്ഥാനത്തെ എക്സൈസിനെ മാറ്റാനായെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ്. നെന്മാറ എക്സൈസ് റേഞ്ച് ഓഫീസിന്റെ ഒന്നാംഘട്ട കെട്ടിട നിര്‍മ്മാണ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. എക്സൈസിനെ ശക്തിപ്പെടുത്തുന്നതിനും നവീകരിക്കുന്നതിനും അതിലൂടെ മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള ഭീഷണികളെ നേരിടാന്‍ സജ്ജരാക്കുന്നതിലും നിരവധി നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു.
കഴിഞ്ഞ ക്യാബിനറ്റ് യോഗത്തില്‍ എക്സൈസിന് 35 പുതിയ ആധുനിക വാഹനങ്ങള്‍ വാങ്ങാന്‍ അനുമതി നല്‍കി. കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 66 വാഹനങ്ങള്‍ വാങ്ങാന്‍ എക്സൈസിന് അനുമതി നല്‍കുകയും മൂന്നുവര്‍ഷത്തിനിടയില്‍ 101 വാഹനങ്ങള്‍ എക്സൈസ് സേനയ്ക്ക് ലഭ്യമാക്കി. കൂടാതെ ആധുനിക ചോദ്യം ചെയ്യല്‍ മുറികള്‍, സൈബര്‍ സെല്‍ നവീകരണം, ഒന്‍പത് എം.എം പിസ്റ്റലുകള്‍, ആവശ്യത്തിന് തിരകള്‍ എന്നിവയെല്ലാം നല്‍കി എക്സൈസിനെ കൂടുതല്‍ നവീകരിച്ചു. എക്സൈസ് സേനയില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ നിരവധി പുതിയ തസ്തികകള്‍ സൃഷ്ടിച്ചു. കഴിഞ്ഞ ക്യാബിനറ്റില്‍ പുതിയ 134 തസ്തികകള്‍ കൂടി സൃഷ്ടിക്കാന്‍ തീരുമാനമായെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് എക്സൈസ് ക്രൈം ബ്രാഞ്ച് രൂപീകരണത്തിലൂടെ കുറ്റാന്വേഷണം മികവ് വര്‍ധിപ്പിക്കാനായി. മയക്കുമരുന്ന് കേസുകള്‍ മാത്രം കൈകാര്യം ചെയ്യാനായി സംസ്ഥാനതലത്തില്‍ ഒരു നാര്‍ക്കോട്ടിക് ബ്യൂറോ ആരംഭിക്കുന്നത് സര്‍ക്കാര്‍ ആലോചനയിലുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നെന്മാറ എക്സൈസ് റേഞ്ച് ഓഫീസ് റവന്യൂ വകുപ്പ് നല്‍കിയ 25 സെന്റ് ഭൂമിയിലാണ് നിര്‍മ്മിക്കുന്നത്. സംസ്ഥാന ബഡ്ജറ്റില്‍ നിന്നും ഒരു കോടി രൂപ ചെലവഴിച്ചാണ് എക്‌സൈസ് റേഞ്ച് ഓഫീസിന്റെ നിര്‍മ്മാണം. പരിപാടിയില്‍ കെ. ബാബു എംഎല്‍എ അധ്യക്ഷനായി. ചിറ്റൂര്‍-പുതുനഗരം പൊതുമരാമത്ത് കെട്ടിട ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എം.ജെ ഷമീം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നെന്മാറ, എലവഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ സി.സി സുനില്‍, രേണുക കൃഷ്ണന്‍, നെന്മാറ ഗ്രാമപഞ്ചായത്ത് 18-ആം നമ്പര്‍ വാര്‍ഡ് അംഗം പ്രവീണ, ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ എസ്. കൃഷ്ണകുമാര്‍, കെഎസ്ഇബി സംസ്ഥാന ട്രഷറര്‍ കെ. ആര്‍ അജിത്ത്, ജനപ്രതിനിധികള്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
