ആലപ്പുഴ: എല്ലാ വർഷത്തെയും പോലെ ഓരുവെള്ളം കയറുന്നത് തടയുന്നതിന് അന്ധകാരനഴി ഷട്ടർ അടയ്ക്കാൻ എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കണമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി പി.തിലോത്തമൻ പറഞ്ഞു. അന്ധകാരനഴി ഷട്ടർ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് ചേർത്തല താലൂക്ക് ഓഫീസിൽ വിളിച്ചുചേർത്ത യോഗത്തിലാണ് മന്ത്രി അഭ്യർത്ഥന നടത്തിയത്. യോഗത്തിൽ എല്ലാവരുടെയും അഭിപ്രായങ്ങൾ കേട്ടശേഷമാണ് മന്ത്രി കാര്യങ്ങൾ വിശദീകരിച്ചത്. ഷട്ടറിന്റെ തെക്ക് ഭാഗം അടയ്ക്കുന്നതിന് കോടതി വിധിയുണ്ട്. അത് പ്രകാരം ഉദ്യോഗസ്ഥർ സമയം നിശ്ചയിച്ച് നടപടികൾ കൈക്കൊള്ളണം. നിയമവാഴ്ച ഉറപ്പുവരുത്തേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്. അർത്തുങ്കൽ ഹാർബറിന്റെ കാര്യത്തിൽ പ്രത്യേക താൽപ്പര്യമെടുത്ത് നടപടികളുമായി സർക്കാർ മുന്നോട്ടുപോവുകയാണ്. ഇനി ടെൻഡർ നടപടികളാണ് നടക്കേണ്ടത്. മത്സ്യത്തൊഴിലാളികളെയും കർഷകരെയും സാമാന്യ ജനങ്ങളെയും സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനുണ്ട്.
ഓരുവെള്ളം കയറിയാൽ 200 ഹെക്ടറോളം വരുന്ന സ്ഥലത്തെ കൃഷി നശിക്കും. കൂടാതെ വീടുകളിലെ കുടിവെള്ളം പോലും എടുക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകുമെന്ന് യോഗത്തിൽ ഒരു വിഭാഗം ചൂണ്ടിക്കാട്ടി. ഓരുവെള്ളം കാരണം 1700 ഹെക്ടർ സ്ഥലത്ത് കൃഷി ചെയ്യാൻ കഴിയുന്നില്ല. അന്ധകാരനഴി ഷട്ടറിന് സമീപം പരിശോധന നടത്തിയതിൽ 50 മില്ലി മോൾസ്് ആണ് ഉപ്പിന്റെ അളവ്. ഇത് ക്രമാതീതമായി ഉയർന്ന അവസ്ഥയാണ്. ഈ സാഹചര്യത്തിൽ ഷട്ടർ അടയ്‌ക്കേണ്ടത് അനിവാര്യമാണെന്ന് കൃഷി വകുപ്പ് അറിയിച്ചു. നവംബർ 30 ന് അടയ്‌ക്കേണ്ടത് ഇപ്പോൾ വളരെ വൈകിയതായും അവർ ചൂണ്ടിക്കാട്ടി. നിശ്ചയിക്കുന്ന തീയതി മുതൽ ഏപ്രിൽ വരെ ഷട്ടർ അടയ്ക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. മുമ്പത്തേതിനേക്കാൾ രണ്ട് മാസം കുറവാണിതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഷട്ടറുകൾ അടയ്ക്കാനും തുറക്കാനും മെക്കാനിക്കൽ സംവിധാനം കൊണ്ടുവരാൻ കഴിതാത്തത് ഇറിഗേഷൻ വകുപ്പിന്റെ ഭാഗത്തുനിന്നുള്ള അനാസ്ഥയാണെന്ന് മന്ത്രി യോഗത്തിൽ ചൂണ്ടിക്കാട്ടി. ഷട്ടർ അടയ്ക്കുന്ന ജോലികൾക്കെത്തുന്ന ഉദ്യോഗസ്ഥർക്ക് സംരക്ഷണം നൽകാൻ ആവശ്യമായ പൊലീസിന്റെ സഹായം നൽകും. കൂടാതെ ഒരു എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റ സാന്നിധ്യവും ഉറപ്പാക്കുമെന്ന് യോഗത്തിൽ സംസാരിച്ച സബ്കളക്ടർ കൃഷ്ണതേജ പറഞ്ഞു. യോഗത്തിൽ പട്ടണക്കാട്, എഴുപുന്ന പഞ്ചായത്ത് പ്രസിഡന്റുമാർ, തഹസിൽദാർ എ.അബ്ദുൾ റഷീദ്, ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനിയർ ആർ.രേഖ, വിവിധ സംഘടനാ ഭാരവാഹികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.