⭕മത്സ്യബോര്‍ഡ് വിദ്യാഭ്യാസ പ്രോത്സാഹന ക്യാഷ് അവാര്‍ഡ് വിതരണം: അപേക്ഷ ക്ഷണിച്ചു

2025-26 അധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി വിഭാഗങ്ങളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത മത്സ്യത്തൊഴിലാളി അനുബന്ധത്തൊഴിലാളികളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ പ്രോത്സാഹന ക്യാഷ് അവാര്‍ഡ് വിതരണം ചെയ്യുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകള്‍ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഫിഷറീസ് ഓഫീസില്‍ ലഭ്യമായ അപേക്ഷ ഫോമിനൊപ്പം മത്സ്യത്തൊഴിലാളി പാസ്ബുക്ക്, രക്ഷിതാവിന്റെയും വിദ്യാര്‍ഥിയുടെയും ആധാര്‍ കാര്‍ഡ്, വിദ്യാര്‍ഥിയുടെ ബാങ്ക് പാസ്ബുക്ക് കോപ്പി, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം മെയ് 22 നകം അപേക്ഷിക്കണം. ഫോണ്‍: 0495 2383782.

⭕കിലെ ഐ.എ.എസ് അക്കാദമിയില്‍ യു.പി.എസ്.സി പരിശീലന രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കിലെ ഐ.എ.എസ് അക്കാദമിയില്‍ കെട്ടിട നിര്‍മ്മാണ ക്ഷേമ ബോര്‍ഡിന്റെ മലപ്പുറം ജില്ലാ കാര്യാലയത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ബിരുദധാരികളായ ആശ്രിതര്‍ക്ക് 2026-27 വര്‍ഷത്തെ യു.പി.എസ്.സി പരിശീലനത്തിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഈ കോഴ്സിന് 50% സബ്സിഡിയില്‍ പകുതി ഫീസ് അടച്ചാല്‍ മതിയാകും. താത്പര്യമുള്ളവര്‍ കെട്ടിട നിര്‍മ്മാണ ക്ഷേമ ബോര്‍ഡിന്റെ മലപ്പുറം ജില്ലാ കാര്യാലയത്തില്‍ നിന്നുള്ള ആശ്രിതത്വ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങളും അപേക്ഷ സമര്‍പ്പിക്കേണ്ട ലിങ്കും www.kile.kerala.gov.in/kileiasacademy എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 8075768537, 0471-2479966, 0471-2309012.

⭕പബ്ലിക് ഹിയറിംഗ്

ഏറനാട് താലൂക്ക്, മേല്‍മുറി വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 2, 1065/223, 1065/225, 1065/224 റീ-സര്‍വ്വേ നമ്പറുകളില്‍ ഉള്‍പ്പെട്ട 0.9297 ഹെക്ടര്‍ ഭൂമിയില്‍ സ്വകാര്യ വ്യക്തി നടത്തുന്ന ഗ്രാനൈറ്റ് ബില്‍ഡിംഗ് സ്റ്റോണ്‍ ക്വാറി പദ്ധതിയുടെ പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ടില്‍
(ഡ്രാഫ്റ്റ് ഇ.ഐ.എ റിപ്പോര്‍ട്ട് ) പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ആരായുന്നതിനായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് പബ്ലിക് ഹിയറിംഗ് ജൂണ്‍ 18 ന് രാവിലെ 10.30ന് മലപ്പുറം മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടക്കും.