വികസന പ്രവർത്തനങ്ങൾ നടപ്പാക്കുമ്പോൾ പ്രകൃതിക്കുണ്ടാകുന്ന ആഘാതങ്ങൾ പരമാവധി കുറയ്ക്കാനും അതിന് പ്രായോഗിക പരിഹാര മാർഗങ്ങൾ കണ്ടെത്താനും സമൂഹം ഒരുമിച്ച് പ്രവർത്തിക്കണമെന്ന് ആരോഗ്യ, ഭക്ഷ്യസുരക്ഷ, ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ പറഞ്ഞു. അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനത്തോടനുബന്ധിച്ച് സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ ആഭിമുഖ്യത്തിൽ ഐ എം ജിയിൽ സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്താൻ പ്രായോഗിക നടപടികളാണ് അനിവാര്യമെന്ന് മന്ത്രി പറഞ്ഞു. ദേശീയപാതകൾ പോലുള്ള വികസന പദ്ധതികൾക്കായി മരങ്ങൾ മുറിച്ചുമാറ്റേണ്ട സാഹചര്യം ഉണ്ടാകുമ്പോൾ അതിന് പകരമായി കൂടുതൽ തണൽമരങ്ങൾ വച്ചുപിടിപ്പിക്കാൻ ശ്രദ്ധിക്കണം.

വന്യജീവി സംരക്ഷണ രംഗത്തും കാലാനുസൃതമായ മാറ്റങ്ങൾ ആവശ്യമാണ്. മൃഗങ്ങളെ ചെറിയ കൂട്ടിലടച്ച് സംരക്ഷിക്കുന്ന രീതിക്ക് പകരം പുത്തൂർ സുവോളജിക്കൽ പാർക്ക് പോലുള്ള വിശാലമായ പ്രകൃതി സൗഹൃദ പാർക്കുകൾ ഒരുക്കി അവയ്ക്ക് സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സാഹചര്യം സൃഷ്ടിക്കേണ്ടതുണ്ട്. സംസ്ഥാനം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് മാലിന്യസംസ്‌കരണം. ജലാശയങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കൊപ്പം പൊതുജനങ്ങൾക്കും തുല്യ ഉത്തരവാദിത്തമുണ്ട്. ശുചീകരിച്ച ഇടങ്ങളിൽ വീണ്ടും മാലിന്യം തള്ളുന്ന പ്രവണത അവസാനിപ്പിക്കണം.

കേരളത്തിൽ വർധിച്ചുവരുന്ന മാറാരോഗങ്ങൾക്ക് നദികളുടെയും കുളങ്ങളുടെയും മലിനീകരണം പ്രധാന കാരണമാണ്. ഭക്ഷ്യസുരക്ഷ മേഖലയിലും സംസ്ഥാനം കടുത്ത വെല്ലുവിളി നേരിടുന്നുണ്ടെന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പച്ചക്കറികളിലും പാലിലും അടങ്ങിയിരിക്കുന്ന രാസവസ്തുക്കളും കീടനാശിനികളും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഇടയാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഇതിന് പരിഹാരമായി സംസ്ഥാനത്തെ കാർഷിക ഉത്പാദനം വർധിപ്പിക്കേണ്ടത് അനിവാര്യമാണ്.

രാഷ്ട്രീയ ഭിന്നതകൾക്കതീതമായി ജനപ്രതിനിധികളും തദ്ദേശ സ്ഥാപനങ്ങളും ഒരുമിച്ച് പ്രവർത്തിച്ചാൽ മാത്രമേ ഇത്തരം പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കാണാനാകൂ. പ്രകൃതിസംരക്ഷണവും വികസനവും ഒരുമിച്ച് കൊണ്ടുപോകുന്നതിനായി സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മുന്നോട്ടുവയ്ക്കുന്ന പ്രായോഗിക നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിന് സർക്കാർ പൂർണ പിന്തുണ നൽകുമെന്നും മന്ത്രി ഉറപ്പുനൽകി.

”പ്രാദേശിക പ്രവർത്തനങ്ങൾ – ആഗോള പ്രതിഫലനം” എന്ന പ്രമേയത്തിൽ നടന്ന ശിൽപശാലയുടെ ഉദ്ഘാടന ചടങ്ങിൽ ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ. എൻ അനിൽകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി പ്രിയദർശിനി, മെമ്പർ സെക്രട്ടറി ഡോ. വി ബാലകൃഷ്ണൻ, ബോർഡംഗം ഡോ. മിനിമോൾ ജെ എസ്, പ്രിൻസിപ്പൽ സയന്റിഫിക് ഓഫീസർ ഡോ. വിമൽ കുമാർ സി എസ് എന്നിവർ പങ്കെടുത്തു.