പ്രധാനമന്ത്രി ആവാസ് യോജന-ലൈഫ് ഭവനപദ്ധതിയുടെ പ്രചാരണാർത്ഥം രംഗശ്രീ തിയേറ്റർ ഗ്രൂപ്പിന്റെ ‘സ്വപ്‌നഭവനം’ തെരുവുനാടകത്തിന് കൽപ്പറ്റയിൽ സ്വീകരണം നൽകി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ നോഡൽ ഏജൻസിയായി പ്രവർത്തിക്കുന്നതു കുടുംബശ്രീ മിഷനാണ്. മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ നഗരസഭകളിലായി 2500ൽ അധികം ആളുകൾ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ജനങ്ങളിലേക്കെത്തിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായാണ് തെരുവുനാടകം കൽപ്പറ്റ പഴയ ബസ്സ്റ്റാന്റ് പരിസരത്ത് അരങ്ങേറിയത്. നഗരസഭ ചെയർപേഴ്‌സൺ സനിത ജഗദീഷ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ പി. സാജിത പദ്ധതി വിശദീകരിച്ചു.
നേരത്തെ മാനന്തവാടി നഗരസഭാ പരിസരത്ത് അരങ്ങേറിയ നാടകം നഗരസഭാധ്യക്ഷൻ വി.ആർ. പ്രവീജും സുൽത്താൻ ബത്തേരി ബസ്സ്റ്റാന്റിൽ നഗരസഭാധ്യക്ഷൻ ടി.എൽ. സാബുവും ഉദ്ഘാടനം ചെയ്തിരുന്നു.