ക്രിസ്മസ്-പുതുവത്സരാഘോഷം അടുത്തെത്തിയ സാഹചര്യത്തിൽ പരിശോധന ശക്തമാക്കി എക്‌സൈസ് വകുപ്പ്. ക്രിസ്മസ്-പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി വ്യാജമദ്യ ലോബി പിടിമുറുക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് വകുപ്പ് മുൻകരുതൽ നടപടികൾ സ്വീകരിച്ചു. ഇതിന്റെ ഭാഗമായി മീനങ്ങാടി എക്‌സൈസ് ഡിവിഷൻ ഓഫീസ് കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിട്ടുണ്ട്.
നവംബറിൽ മാത്രം രജിസ്റ്റർ ചെയ്തത് 299 കേസുകളാണ്. വിവിധ കേന്ദ്രങ്ങളിൽ 246 റെയ്ഡുകൾ നടത്തി. 45 അബ്കാരി കേസുകളും 35 എൻഡിപിഎസ് കേസുകളും രജിസ്റ്റർ ചെയ്തു. കോട്പാ കേസുകളുടെ എണ്ണം 219. അബ്കാരി, എൻഡിപിഎസ് കേസുകളിലായി യഥാക്രമം 20, 34 പ്രതികളെ അറസ്റ്റ് ചെയ്തു. കോട്പാ കേസിൽ 38,300 രൂപ പിഴയീടാക്കി. തൊണ്ടിമുതലായി 6.500 ലിറ്റർ കള്ളും അനധികൃതമായി സൂക്ഷിച്ച 48 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും പിടിച്ചെടുത്തു. 1,012 ലിറ്റർ വാഷും ഒമ്പതു ലിറ്റർ ചാരായവും 6.440 കിലോഗ്രാം കഞ്ചാവും ഇക്കാലയളവിൽ പിടികൂടി. 20.605 ലിറ്റർ കർണാടക നിർമിത വിദേശമദ്യവും 130.080 കിലോഗ്രാം പുകയില ഉൽപന്നങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ലഹരിക്കായി ഉപയോഗിക്കുന്ന 264 സ്പാസ്‌മോ പ്രോക്‌സിവോൺ ഗുളികകളാണ് പിടിച്ചെടുത്തത്. വിവിധ കേസുകളിലായി അഞ്ചു ബൈക്കുകളും കസ്റ്റഡിയിലെടുത്തു. വിവിധ സ്ഥലങ്ങളിലായി 18,236 വാഹനങ്ങൾ പരിശോധിച്ചു. ക്രിസ്മസ്-പുതുവൽസരാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ മൂന്ന് എക്‌സൈസ് ചെക്‌പോസ്റ്റുകളിലും പരിശോധന കർശനമാക്കി. നവംബറിൽ മാത്രം മുത്തങ്ങ ചെക്‌പോസ്റ്റിൽ 9,393 വാഹനങ്ങളാണ് പരിശോധിച്ചത്. ബാവലിയിൽ 2,051 വാഹനങ്ങളും തോൽപ്പെട്ടിയിൽ 2,605 വാഹനങ്ങളും പരിശോധിച്ചു. ജില്ലയിലെ നാലു മെഡിക്കൽ ഷോപ്പുകളും 377 കള്ളുഷാപ്പുകളും പരിശോധനയ്ക്കു വിധേയമാക്കി. വിവിധ കള്ളുഷാപ്പുകളിൽ നിന്നായി 59 സാംപിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു. 165 കോളനികൾ സന്ദർശിച്ച് ലഹരിവിരുദ്ധ സന്ദേശം കൈമാറി. 59 ബോധവത്ക്കരണ പരിപാടികളാണ് ജില്ലയിൽ സംഘടിപ്പിച്ചു. ലഹരിക്കെതിരായ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി 17 ജനകീയ കമ്മിറ്റി യോഗങ്ങൾ ചേർന്നു.
പരാതികളും വിവരങ്ങളും കൺട്രോൾ റൂമിലെ 04936 248850 എന്ന നമ്പറിൽ അറിയിക്കാം. ടോൾ ഫ്രീ നമ്പർ: 1800 425 2848, ഹോട്ട്‌ലൈൻ നമ്പർ: 155358.