വാളാട് എടത്തന തറവാടിന്റെ നെൽകൃഷി കൊയ്ത്തുത്സവം കുടുംബാംഗങ്ങൾക്ക് ആഘോഷമാണ്. തറവാടിനു സ്വന്തമായുള്ള 16 ഏക്കർ പാടശേഖരത്തിലാണ് ഇത്തവണയും നെല്ല് വിളയിച്ചത്. കൃഷിയിറക്കുന്നത് പുരുഷന്മാരും വിളവെടുക്കുന്നത് സ്ത്രീകളും. വർഷങ്ങളായി അനുവർത്തിക്കുന്ന ആചാരമാണത്. വിളഞ്ഞുനിൽക്കുന്ന നെല്ല് 90 സ്ത്രീകൾ ചേർന്ന് കൊയ്‌തെടുക്കും. വയനാടിന്റെ തനത് നെൽവിത്തായ വെളിയനാണ് ഇത്തവണ കൃഷിക്കായി ഉപയോഗിച്ചത്.
പരമ്പരാഗത നെൽവിത്തുകൾ പലതും നിധിപോലെ എടത്തനയിൽ സംരക്ഷിച്ച് പോരുന്നുണ്ട്. രാസവളങ്ങളോ രാസകീടനാശിനികളോ ഇവർ നെൽകൃഷിയിൽ ഉപയോഗിക്കാറില്ല. ജൈവവളങ്ങളും പാരമ്പര്യ അറിവുകളും സമന്വയിപ്പിച്ചുള്ള കൃഷിരീതിയാണ് കാലങ്ങളായി തുടരുന്നത്. ഞാറ്റടി തയ്യാറാക്കുന്നത് മുതൽ കൊയ്തെടുക്കുന്നത് വരെ അതീവ ശ്രദ്ധയോടെ നെൽകൃഷി പരിപാലിക്കുന്നതിനൊപ്പം ഇതുമായി ബന്ധപ്പെട്ട ദൈവീകമായ ചടങ്ങുകളും ഇവിടെ അനുവർത്തിച്ചുപോരുന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ ഇവിടെ ഏരുക്കളെ മാത്രമാണ് നിലം ഉഴുതുമറിയ്ക്കാൻ ഉപയോഗിച്ചിരുന്നത്. ഇത് നെൽകൃഷിയുടെ പണികൾ സമയബന്ധിതമായി തീർക്കാൻ പ്രയാസം സൃഷ്ടിച്ചിരുന്നു. എന്നാൽ ഇപ്പോൾ ടില്ലറുകൾ ഉപയോഗിക്കുന്നതുകൊണ് അധ്വാനം കുറയ്ക്കാനും വേഗത്തിൽ പണികൾ തീർക്കാനും കഴിയുന്നുണ്ട്. നിലവിൽ എടത്തനയിൽ നഞ്ചയും പുഞ്ചയും കൃഷി ചെയ്യുന്നുണ്ട്. ജലക്ഷാമം പുഞ്ചകൃഷിയ്ക്ക് ചെറിയ തോതിൽ തടസം സൃഷടിക്കുന്നുണ്ടെങ്കിലും അതിനെയും കുടുംബാംഗങ്ങളുടെ ഒത്തായ സഹകരണം അതിജീവിക്കുന്നു. ട്രാക്ട്ടർ ഉൾപ്പെടെയുളളവ പ്രയോജനപ്പെടുത്തിയാണ് നെല്ല് മെതിച്ചെടുക്കുന്നത്. ജില്ലയിലെ കർഷക സമൂഹം സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് വാഴയുൾപ്പെടെയുള്ള കൃഷികളിലേക്ക് ചുവടു മാറ്റിയപ്പോഴും എടത്തന തറവാട് അതിന് തയ്യാറായില്ല. അതുകൊണ്ട് തന്നെ നെൽകൃഷി നെഞ്ചോട് ചേർത്ത് ഇവർ ഭക്ഷ്യസുരക്ഷയിൽ സ്വയംപര്യാപ്തയും നേടി. പുതിയതലമുറ കാണാതെ പോകുന്ന നെൽ കൃഷിയിറക്കലും വിളവെടുപ്പുമെല്ലാം അനുഷ്ഠിച്ചുപോരുന്നതുവഴി എടത്തന കുടുംബാംഗങ്ങൾ ഒരു സംസ്‌കാരത്തെകൂടിയാണ് നിലനിർത്തി പോരുന്നത്.