· സാമൂഹ്യ സംഘടനകളുടെ യോഗം ചേർന്നു
നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുന്നതിനായി പുതുവത്സര ദിനത്തിൽ ഒരുക്കുന്ന വനിതാ മതിൽ കേരളത്തിന്റെ സാമൂഹ്യ ചരിത്രത്തിലെ അവിസ്മരണീയ സംഭവമായിരിക്കുമെന്നു സഹകരണം – ദേവസ്വം – ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞു സാമൂഹ്യ സംഘടനകൾ മുന്നോട്ടുവരുന്നത് വനിതാ മതിലിന്റെ സംഘാടനത്തിന് ഏറെ കരുത്തുപകരുന്നതാണെന്നും മന്ത്രി പറഞ്ഞു. വനിതാ മതിൽ ഒരുക്കങ്ങളുടെ ഭാഗമായി സെക്രട്ടേറിയറ്റ് അനക്‌സിലെ ലയം ഹാളിൽ ചേർന്ന സാമൂഹ്യ സംഘടനകളുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുന്നതിനായി ഒരുക്കുന്ന വനിതാ മതിലിനു പൂർണ പിന്തുണ വാഗ്ദാനം ചെയ്യുന്നതായി സാമൂഹ്യ സംഘടനാ നേതാക്കൾ യോഗത്തിൽ അറിയിച്ചു. പരിപാടിയുടെ പ്രചാരണത്തിന്റെ ഭാഗമായി ജില്ലയിൽ സാമൂഹ്യ സംഘടനകളുടെ നേതൃത്വത്തിൽ വിളംബര ജാഥകൾ സംഘടിപ്പിക്കും. കലാജാഥകൾ, നിശ്ചല ദൃശ്യങ്ങൾ എന്നിവയും ഒരുക്കും. ചുവരെഴുത്തുകൾ, പോസ്റ്റർ വിതരണം തുടങ്ങിയവയിൽ വിവിധ സാമൂഹ്യ സംഘടനകളുടെ പ്രാതിനിധ്യം ഉറപ്പാക്കാനും യോഗം തീരുമാനിച്ചു.
സാമൂഹ്യ സംഘടനകളുടെ നേതൃത്വത്തിലുള്ള പ്രചാരണ പരിപാടികൾ വനിതാ മതിൽ മുന്നോട്ടുവയ്ക്കുന്ന ആശയത്തെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിൽ ഏറെ പ്രധാനപ്പെട്ടതാണെന്നു മന്ത്രി അഭിപ്രായപ്പെട്ടു. പരിപാടിയുടെ പ്രചാരണാർഥം ഒരുക്കിയിട്ടുള്ള വെബ് പോർട്ടലിൽ പരമാവധി വനിതകളെ രജിസ്റ്റർ ചെയ്യിപ്പിക്കണമെന്നു മന്ത്രി നിർദേശിച്ചു. 28നു വീണ്ടും യോഗം ചേർന്നു പ്രവർത്തനങ്ങൾ വിലയിരുത്താനും യോഗം തീരുമാനിച്ചു.
 
വനിതാ മതിലിനു പ്രചാരണം കൊഴുക്കുന്നു;
വാർഡ്തല യോഗങ്ങൾക്കു തുടക്കമായി
കേരളത്തിന്റെ സാമൂഹ്യ പരിഷ്‌കരണ നേട്ടങ്ങളും നവോത്ഥാന മൂല്യങ്ങളും ഉയർത്തിപ്പിടിക്കാനായി സംഘടിപ്പിക്കുന്ന വനിതാ മതിലിന് തിരുവനന്തപുരത്ത് ഒരുക്കങ്ങൾ ഊർജിതം. ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലും പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. വാർഡ് അടിസ്ഥാനത്തിലുള്ള സംഘാടക സമിതി രൂപീകരണ യോഗങ്ങൾക്കു തുടക്കമായി. മൂന്നു ലക്ഷം വനിതകളാകും ജില്ലയിൽനിന്ന് വനിതാ മതിലിന്റെ ഭാഗമാകുന്നത്.
കടമ്പാട്ടുകോണം മുതൽ വെള്ളയമ്പലം വരെയുള്ള 43.5 കിലോമീറ്റർ ദൂരത്തിലാണ് തിരുവനന്തപുരം ജില്ലയിൽ വനിതാ മതിൽ ഒരുക്കുന്നത്. മണ്ഡലതലത്തിലുള്ള സംഘാടക സമിതി രൂപീകരണത്തിനുശേഷമാണ് കോർപ്പറേഷൻ, മുനിസിപ്പൽ, പഞ്ചായത്ത് വാർഡ് തലത്തിൽ സംഘാടക സമിതികൾ രൂപീകരിക്കുന്നത്. ഈ മാസം 22നകം വാർഡ്തല സംഘാടക സമിതി രൂപീകരണം പൂർത്തിയാകും.
എല്ലാ മേഖലകളിൽനിന്നുമുള്ള സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പാക്കുക എന്നതു മുൻനിർത്തിയാണു പ്രചാരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്. വാർഡ്തല സംഘാടക സമിതികൾ രൂപീകരിച്ചശേഷം ഗൃഹസന്ദർശനം അടക്കമുള്ള പ്രചാരണ പരിപാടികളും ആരംഭിക്കും. ഡിസംബർ 24നു പൂർത്തീകരിക്കത്തക്ക വിധമാണ് ഗൃഹ സന്ദർശന പരിപാടി തീരുമാനിച്ചിരിക്കുന്നത്.
പ്രചാരണത്തിന്റെ ഭാഗമായുള്ള ചുവരെഴുത്തുകൾ, ലഘുലേഖ വിതരണം എന്നിവയ്ക്കും ജില്ലയിൽ തുടക്കമായി. രജിസ്‌ട്രേഷനുള്ള ഓൺലൈൻ പോർട്ടലും സജീവമാണ്. എന്ന പോർട്ടൽ വഴി തിരുവനന്തപുരത്തെ 14 നിയോജക മണ്ഡലങ്ങളിലേയും വനിതകൾക്കു പേര് രജിസ്റ്റർ ചെയ്യാം. മൊബൈലിലും കംപ്യൂട്ടറിലും ഒരുപോലെ രജിസ്റ്റർ ചെയ്യാവുന്ന ലളിതമായ രീതിയിലാണ് പോർട്ടൽ സജ്ജമാക്കിയിരിക്കുന്നത്. കൂടാതെ വനിതാ മതിലുമായി ബന്ധപ്പെട്ട വാർത്തകൾ, ചിത്രങ്ങൾ, വീഡിയോ തുടങ്ങിയവ കാണാനും സൗകര്യമുണ്ട്.
പ്രചാരണത്തിന്റെ ഭാഗമായി തലസ്ഥാനത്തെ വിവിധ സ്ഥാപനങ്ങൾ, ടെക്‌നോപാർക്ക്, വികാസ് ഭവൻ, പബ്ലിക് ഓഫിസ്, സെക്രട്ടേറിയറ്റ്, നിയമസഭ, പി.എസ്.സി, ട്രേഡ് യൂണിയനുകൾ, വർക്കിങ് വിമൻസ് ഹോസ്റ്റലുകൾ, വർക്കിങ് വിമൻസ് അസോസിയേഷനുകൾ, റസിഡൻസ് അസോസിയേഷനുകൾ എന്നിവിടങ്ങളിൽ വനിതാ പ്രതിനിധികളുടെ യോഗങ്ങൾ ചേരാൻ തീരുമാനിച്ചിട്ടുണ്ട്.