നെയ്യഭിഷേകം ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് ആടിയ നെയ്യ് നല്‍കുന്നതിന് പ്രത്യേക കൗണ്ടര്‍  ഒരുക്കി ദേവസ്വം ബോര്‍ഡ്. സന്നിധാനം തിരുമുറ്റത്ത് വടക്കു വശത്തായാണ് കൗണ്ടര്‍. ഉച്ചയ്ക്ക് നെയ്യഭിഷേകം കഴിഞ്ഞെത്തുന്ന അയപ്പന്‍മാരുടെ നെയ്യ് ഇവിടെ വാങ്ങി  പകരം അഭിഷേകം നടത്തിയ ആടിയ നെയ്യ് നല്‍കും. സമയക്കുറവ് മൂലം നെയ്യഭിഷേകം നടത്താതെ മടങ്ങി പോകേണ്ടി വരുന്നവര്‍ക്ക് ആശ്വാസമാണ് ഈ സംരംഭം. ഇന്നലെ മാത്രം മൂവായിരം പേരാണ് ഈ കൗണ്ടറിന്റെ സേവനം ഉപയോഗപ്പെടുത്തിയത്. മുന്‍കാലങ്ങളില്‍ നെയ്‌ത്തോണിയില്‍ നെയ് സമര്‍പ്പിച്ച് പോവുകയായിരുന്നു പതിവ്. എന്നാല്‍ ഇതോടെ നമ്മള്‍ നല്‍കുന്ന നെയ്ക്ക് പകരമായി ആടിയ നെയ്യ് അപ്പോള്‍തന്നെ ലഭിക്കും എന്നതാണ് പ്രത്യേകത.