വിദ്യാർഥികൾ മുന്നിട്ടിറങ്ങിയതോടെ ചുണ്ടേലിൽ പൊതുജന ഗ്രന്ഥാലയത്തിന് ചിറകുമുളച്ചു. തോട്ടംമേഖലയായ പ്രദേശത്ത് പൊതുവായനശാല വേണമെന്നത് വിദ്യാർഥികളുടെയും നാട്ടുകാരുടെയും ഏറെ കാലമായുള്ള സ്വപ്‌നമാണ്. ഈ സ്വപ്‌നം യാഥാർത്ഥ്യമാക്കാനാണ് ചുണ്ടേൽ ആർ.സി.എച്ച്.എസ്.എസ്. വിദ്യാർഥികൾ മുന്നിട്ടിറങ്ങിയത്. വൈത്തിരി പഞ്ചായത്തുമായി ചേർന്നു വായനശാല യാഥാർത്ഥ്യമാക്കാൻ വിദ്യാർഥികളുടെ നേതൃത്വത്തിൽ പുസ്തക ശേഖരണവും ആരംഭിച്ചു. സ്‌കൂൾ ലീഡർ റിസ്‌വാനിൽ നിന്നു പുസ്തകം ഏറ്റുവാങ്ങി വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് വി. ഉഷാകുമാരി പുസ്തകശേഖണം ഉദ്ഘാടനം ചെയ്തു. ‘നവകേരള സൃഷ്ടി’യിൽ ചുണ്ടേലിൽ വായനശാല യഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ പഞ്ചായത്തിന് നിവേദനവും നൽകിയിട്ടുണ്ട്. പൊതു ഇടങ്ങളുടെ കുറവ് നാടിന്റെ സാംസ്‌കാരിക മേഖലയ്ക്കുണ്ടാക്കുന്ന നഷ്ടം വലുതാണെന്ന തിരിച്ചറിവും ഈ ഉദ്യമത്തിന് പിന്നിലുണ്ട്. വായനശാലയിലേക്ക് ആയിരം പുസ്തകങ്ങൾ വിദ്യാർഥികൾ ശേഖരിച്ച് പഞ്ചായത്തിന് കൈമാറും.
കഴിഞ്ഞ ആഗസ്റ്റ് അഞ്ചിന് തങ്ങളുടെ സഹപാഠികളായ സൂര്യയും അനുജൻ സായൂജും വെണ്ണിയോട് പുഴയിൽ മുങ്ങിമരിച്ചതിന്റെ നീറുന്ന ഓർമകളുമായാണ് വിദ്യാർഥികൾ പുസ്തശേഖരണം തുടങ്ങിയത്. മരിക്കുന്നതിന്റെ തലേന്ന് ക്ലാസ് ലൈബ്രറിയിലേക്ക് സൂര്യ പുസ്തകം നൽകിയിരുന്നു. ഇവരുടെ ഓർമകളോടെയുള്ള പുസ്തകശേഖരണം എത്രയും വേഗം പൂർത്തീകരിക്കുകയാണ് ലക്ഷ്യം. പുസ്്തകശേഖരണ ചടങ്ങിൽ പിടിഎ പ്രസിഡന്റ് പി.ഡി. മൈക്കിൾ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക സോഫി ജോർജ്, സി.പി. പ്രീതി, വി.കെ. മൊയ്തീൻ, എം.സി. മനോജ്, റോയ്‌സൺ പിലാക്കാവ്, അമാന ഫാത്തിമ തുടങ്ങിയവർ സംസാരിച്ചു.