കൊച്ചി: ചേരാം ചേരാനല്ലൂരിനൊപ്പം തണൽ ഭവന പദ്ധതിയിലെ നിർമ്മാണം പൂർത്തീകരിച്ച മൂന്നും നാലും വീടുകളുടെ താക്കോൽ കൈമാറി. തണൽ ഭവന പദ്ധതിയിലെ മൂന്നാമത്തെ വീടിന്റെ താക്കോൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും നാലാമത്തെ വീടിന്റെ താക്കോൽ ദാനം സിനിമാ താരം ആസിഫ് അലിയും നിർവഹിച്ചു. ലുലു ഫിനാൻഷ്യൽ ഗ്രൂപ്പാണ് രണ്ട് വീടിന്റെയും സ്പോൺസർ. ലുലു ഫിനാന്‍ഷ്യൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദ് മുഖ്യ അതിഥി ആയിരുന്നു.

റീബിൾഡ് കേരള പദ്ധതിയിലൂടെ വീടുകൾ നിർമ്മിക്കുന്നതിന് മുമ്പ് നാല് വീടുകൾ നാലുമാസത്തിനിടെ നിർമിച്ചുനൽകാൻ ഹൈബി ഈഡൻ എംഎൽഎക്ക് കഴിഞ്ഞത് അഭിനന്ദനാർഹമാണ്. പ്രളയാനന്തരം ദുരിതമനുഭവിക്കുന്നവർക്ക് ഏറെ ആശ്വാസകരവും ജനപ്രതിനിധികൾക്ക് മാതൃകയുമാണ് തണൽ ഭവന പദ്ധതിയെന്ന് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

തണൽ ഭവന പദ്ധതിയുടെ ഭാഗമാകാൻ കഴിഞ്ഞത് സന്തോഷമുണ്ടെന്നും കഴിയുന്ന സഹായങ്ങൾ തുടർന്നും നൽകുമെന്നും
ലുലു ഫിനാന്‍ഷ്യൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദ് പറഞ്ഞു. വാഗ്ദാനം വാക്കുകളിൽ മാത്രം ഒതുങ്ങാതെ പ്രാവർത്തികമാക്കിയ ഹൈബി ഈഡൻ എംഎൽഎയെ സിനിമാതാരം ആസിഫ് അലിയും അനുമോദിച്ചു.

ചേരാനല്ലൂര്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിൽ ലാലന്‍ കോളരിക്കലിന്‍റെ വീടിന്‍റെ താക്കോൽ ദാനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പതിനഞ്ചാം വര്‍ഡിൽ കല്ലുങ്കൽ ബെന്നിയുടെ വീടിന്റെ താക്കോൽ ദാനം നടന്‍ ആസിഫ് അലിയുമാണ് നിര്‍വ്വഹിച്ചത്.

ലാലന്‍ കോളരിക്കലിന്‍റെ 6 സെന്‍റ് സ്ഥലത്തുള്ള പഴയ വീട്ടിൽ പ്രളയ കാലത്ത് വെള്ളം കയറിയതിനെ തുടര്‍ന്ന് ഭിത്തികള്‍ ദ്രവിച്ച് ഇടിഞ്ഞു വീഴാറായ അവസ്ഥയിലായിരുന്നു. മത്സ്യ തൊഴിലാളിയായ ലാലനും അമ്മയും ഭാര്യയും രണ്ട് മക്കളുമാണ് ഇവിടെ താമസം. മത്സ്യത്തൊഴിലാളിയായ ലാലന്‍റെ തുച്ചമായ വരുമാനം മാത്രമാണ് ഈ കുടുംബത്തിന്‍റെ ഏക വരുമാനം.

പ്രളയത്തിന് ശേഷം ഭിത്തികള്‍ വിണ്ട് കീറി ഏത് സമയവും നിലപൊത്താവുന്ന തരത്തിലായിരുന്നു  ബെന്നിയുടെ വീട്. പ്രളയത്തിന് ശേഷം ഇവര്‍ക്ക് ഇവിടെ താമസിക്കാന്‍ സാധിച്ചിട്ടില്ല. ഡ്രൈവറായ ബെന്നിക്ക്  പ്രായമായ അപ്പനും അമ്മയും ഭാര്യയും വിദ്യാര്‍ത്ഥികളായ മൂന്ന് മക്കളുമാണുള്ളത്.

450 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടുകളാണ് ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് നിര്‍മ്മിച്ച് നകിയത്. രണ്ട് കിടപ്പ് മുറികളും, ഒരു ഡൈനിംഗ് ഹാളും, അടുക്കളയും, ബാത്ത്റൂമും അടക്കം മുഴുവന്‍ നിര്‍മ്മാണവും പൂര്‍ത്തീകരിച്ചാണ് വീട് കൈമാറിയത്.

തണൽ ഭവന പദ്ധതിയുടെ ഭാഗമായി നിലവി 12 വീടുകളാണ് അനുവദിച്ചിരിക്കുന്നത്. അതി നാലെണ്ണം നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. ബാക്കി 8 വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ച് വരികയാണ് . നിലം പൊത്താറായ പഴയ വീടുകൾ പൊളിച്ചു മാറ്റിയതിന് ശേഷം 39 ദിവസങ്ങൾ കൊണ്ടാണ് രണ്ട് വീടുകളുടെയും പണി പൂർത്തീകരിച്ചതെന്ന് ഹൈബി ഈഡന്‍ എം.എൽ.എ പറഞ്ഞു

ഹൈബി ഈഡന്‍ എം.എൽ .എ അദ്ധ്യക്ഷത വഹിച്ച ചടങ്ങുകളിൽ ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം.ആര്‍ ആന്‍റണി, ചേരാനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് സോണി ചീക്കു, വൈസ് പ്രസിഡന്‍റ് സി.കെ രാജു, മെമ്പര്‍മാരായ രാജലക്ഷ്മി, ജോളി എമ്പ്ളാശ്ശേരി തുടങ്ങിയവര്‍ പങ്കെടുത്തു.