ഗ്രാമീണമേഖലയില്‍ ശുദ്ധജലലഭ്യത ഉറപ്പാക്കുകയാണ് സമഗ്ര കുടിവെള്ള പദ്ധതിയുടെ ലക്ഷ്യമെന്ന് ജലവിഭവ വകുപ്പുമന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. മണ്ണൂര്‍-കേരളശ്ശേരി- മങ്കര സമഗ്ര കുടിവെള്ള പദ്ധതി ഒന്നാംഘട്ട പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.  സാധാരണക്കാര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തികള്‍ മാര്‍ച്ച് മാസത്തോടെ പൂര്‍ത്തീകരിച്ച് ഗുണഭോക്താക്കള്‍ കുടിവെള്ളം വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.നബാര്‍ഡിന്റെ ധനസഹായത്തോടെ 25.30 കോടി ചെലവില്‍ നടപ്പാക്കുന്ന പദ്ധതിയിലൂടെ 70636 പേര്‍ക്കാണ് പ്രയോജനം ലഭിക്കുക. ഞാവലിന്‍ കടവില്‍ നിലവിലെ പമ്പ് ഹൗസില്‍ പമ്പ് സെറ്റ് സ്ഥാപിക്കല്‍, മണ്ണൂര്‍ പഞ്ചായത്തിലെ പേരടിക്കുന്നില്‍ 10 ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള ജലശുദ്ധീകരണശാല, പെപ്പ്ലൈന്‍, താഴത്തുപുരയില്‍ 2.60 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഭൂഗര്‍ഭ ജല സംഭരണി, 11 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഉന്നതതല ജലസംഭരണി, കേരളശ്ശേരി പഞ്ചായത്തിലെ ഏറ്റികുന്നില്‍ 8 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഉന്നതതല ജലസംഭരണി, ജല ശുദ്ധീകരണ ശാലയില്‍ നിന്ന് താഴത്തു പുരയിലേക്കും താഴത്തുപുരയില്‍ നിന്ന് ഏറ്റികുന്നിലേക്കും പൈപ്പ്ലൈന്‍, പമ്പ് സെറ്റ്, ട്രാന്‍സ്ഫോമര്‍, എന്നിവയുള്‍പ്പെടുന്നവയാണ് ഒന്നാംഘട്ടത്തില്‍ നടക്കുക.

കെ.വി. വിജയദാസ് എം.എല്‍.എ. അധ്യക്ഷനായ പരിപാടിയില്‍ പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.പി. ബിന്ദു, മണ്ണൂര്‍ ഗ്രാമപഞ്ചായത്ത്് പ്രസിഡന്റ് ഒ.വി സ്വാമിനാഥന്‍, കേരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കൃഷ്ണദാസ്, മങ്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.ജിന്‍സി, ജില്ലാ പഞ്ചായത്ത് അംഗം സി.കെ രജനി, വാട്ടര്‍ അതോറിറ്റി ഉത്തരമേഖല ചീഫ് എഞ്ചിനിയര്‍ ബാബു തോമസ്, വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിങ് എഞ്ചീനിയര്‍ വി.എം പ്രകാശന്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.