ആലപ്പുഴ: പ്രളയത്തിൽ 29 ശതമാനം വരെ വീടുകൾക്ക് നാശനഷ്ടം നേരിട്ടവരുടെ പഞ്ചായത്ത്തല പട്ടിക 28നകം സമർപ്പിക്കണമെന്ന് ജില്ലാ കളക്ടർ എസ്.സുഹാസ്. റീബിൽഡ് കേരള ആപ്പ് വഴി വിവരം രേഖപ്പെടുത്തിയ 47,938 പേരുടെ പട്ടികയാണ് നിശ്ചിത തീയതിക്കകം നൽകാൻ കളക്ടർ നിർദ്ദേശിച്ചിരിക്കുന്നത്. ചേമ്പറിൽ നടന്ന തഹസിൽദാർമാരുടെ യോഗത്തിലാണ് തീരുമാനം. 31നകം ഈ വിഭാഗത്തിൽപ്പെട്ടവർക്ക്് നഷ്ടപരിഹാരം നൽകാനാണ് മുഖ്യമന്ത്രി നിർദ്ദേശിച്ചിരിക്കുന്നത്. പട്ടിക നൽകാൻ കാലതാമസം വരുത്തിയാൽ സെക്രട്ടറിമാർക്കെതിരെയും ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാകുമെന്നും കളക്ടർ പറഞ്ഞു.റീബിൽഡ് കേരള കണക്കുകൾ പ്രകാരം ജില്ലയിൽ 15 ശതമാനം വരെ വീടുകൾക്ക് നാശംനഷ്ടം നേരിട്ടവർ 30,472 പേരാണ്. 16മുതൽ 29ശതമാനം വരെയുള്ള നാശനഷ്ടങ്ങളുടെ പട്ടികയിലുൾപ്പെട്ടിരിക്കുന്നത് 17466പേരുമാണ്. നിലവിൽ ആപ്പ് വഴി അപേക്ഷിച്ചവരിൽ പലരും മതിയായ ബാങ്ക് വിവരങ്ങൾ രേഖപ്പെടുത്തിയിട്ടില്ലെന്ന് തഹസിൽദാർമാർ അറിയിച്ചു.
പ്രളയദുരന്തവുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങളുടെ ഡിജിറ്റൽ വിവരശേഖരണത്തിനായി സംസ്ഥാന സർക്കാർ വികസിപ്പിച്ചതാണ് ‘റീബിൽഡ് കേരള’ മൊബൈൽ ആപ്പ് .ഐ.ടി മിഷനാണ് രൂപകൽപന ചെയ്തിരിക്കുന്നത്. വീടുകൾ നഷ്ടപ്പെട്ടവർക്കും ഭാഗികമായി തകർന്നവർക്കും പ്രയോജനപ്പെടുന്ന രീതിയിലാണ ആപ്പ്് തയാറാക്കിയിരിക്കുന്നത്.