പെരിയാർ ടൈഗർ റിസർവിന്റെ സമീപ പ്രദേശങ്ങളിൽ വളർത്തുമ്യഗങ്ങളിൽ കുളമ്പുരോഗം പടർന്നുപിടിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വന്യമ്യഗങ്ങളിലേക്ക് രോഗം പടരാതിരിക്കാൻ വനം വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. ഇതിനായി പെരിയാർ ടൈഗർ റിസർവിലെ വെറ്ററിനറി വിഭാഗത്തിന്റെ നേത്യത്വത്തിൽ ഒരു പ്രത്യേക ടീം രൂപീകരിച്ച് നാട്ടുപ്രദേശങ്ങളുമായി അതിർത്തി പങ്കിടുന്ന ഭാഗങ്ങളിലും ഉൾപ്രദേശങ്ങളിലും കർശന നിരീക്ഷണം നടത്തി വരുന്നതായി പെരിയാർ ഈസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
ഇതിനുപുറമേ വന്യജീവികളെ നിരീക്ഷിക്കുന്നതിനും അസുഖ ബാധയുള്ള മ്യഗങ്ങളെ കണ്ടെത്തുന്നതിനുമായി വനം വകുപ്പ് ജീവനക്കാരുടെ നാല് സ്‌പെഷൽ ടീമുകളും രൂപീകരിച്ചിട്ടുണ്ട്. നാട്ടിലെ മാടുകളെ വനത്തിൽ മേയുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തുകയും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിക്കുകയും ചെയ്തു. നിലവിൽ വളർത്തു മ്യഗങ്ങൾക്ക് നൽകിയിരുന്ന പ്രതിരോധ കുത്തിവയ്പ് കൂടാതെ ഒരു അധിക വാക്‌സിൻ പ്രതിരോധ മരുന്ന് നൽകുന്നതിനുള്ള നടപടികൾ മ്യഗസംരക്ഷണ വകുപ്പുമായി ചേർന്ന് നടത്തും.
വനം വകുപ്പിന്റെ തന്നെ മേൽനോട്ടത്തിൽ ഗ്രേസിയേഴ്‌സ് ഇ ഡി സി വഴി കാലിവളർത്തലുകാർക്ക് ബോധവത്കരണവും നൽകുന്നതിന് നടപടികൾ സ്വീകരിച്ചു വരുന്നതായി പെരിയാർ ഈസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.