നാല്പത്തൊന്നു ദിവസത്തെ മണ്ഡലകാല മഹോത്സവത്തിനു ശേഷം സന്നിധാനത്തെ ആഴിയിലെ കരി നീക്കം ചെയ്തു. ഇന്നലെ രാവിലെ അഞ്ചോടെ തുടങ്ങിയ പ്രവർത്തി ഉച്ചയോടെ അവസാനിച്ചു. പൊതുമരാമത്ത് വിഭാഗത്തിന്റെ നേതൃത്വത്തിൽ വിശുദ്ധി സേനയുടെ സഹായത്തോടെയാണ് കരിയും മറ്റവിഷ്ടങ്ങളും നീക്കം ചെയ്തത്. സന്നിധാനത്തെ അന്നദാന മണ്ഡപത്തിനു സമീപം ശേഖരിക്കുന്ന ഇവ പിന്നീട് ലേലത്തിൽ വില്ക്കും.
നെയ്യ്തേങ്ങയിൽ നിന്നും നെയ്യ് അഭിഷേകത്തിനായി മാറ്റി ബാക്കി വരുന്ന തേങ്ങയാണ് ഭക്തർ ആഴിയിലെ ഹോമകുണ്ഡത്തിൽ സമർപ്പിക്കുന്നത്. പതിനെട്ടാംപടിക്കു മുന്നിലായി സ്ഥിതി ചെയ്യുന്ന ആഴി കഴിഞ്ഞ വർഷമാണ് നവീകരിച്ചത്. ചൂടുകൂടിയ കരി ഉയർന്ന് അപകടമുണ്ടാകുന്നതു തടയാനും ആഴിയുടെ ഭിത്തിക്ക് കേടപാടുണ്ടാകുന്നത് ഒഴിവാക്കാനുമാണ് പൊതുമരാമത്ത് വകുപ്പ് പുതിയ സംവിധാനം ഒരുക്കിയത്. കരി പൊങ്ങുമ്പോൾ ചതുരാകൃതിയിലുള്ള ആഴിക്ക് ഉൾവശത്ത് സ്ഥാപിച്ച പൈപ്പിൽ നിന്നും വെള്ളം ചീറ്റി ചൂടു ക്രമീകരിക്കും. ഇതിനായി ആഴിക്ക് പുറത്ത് വാൾവും ക്രമീകരിച്ചിട്ടുണ്ട്. വെള്ളം ചീറ്റുമ്പോൾ ചാരം അടിഭാഗത്തു കൂടി വലിയ നടപന്തലിലെ ഓടയിലൂടെ ഒഴുക്കി കളയും. അവശേഷിക്കുന്ന ചിരട്ടക്കരി ശേഖരിച്ച് ലേലത്തിൽ വിൽക്കുകയാണ് പതിവ്. പ്രധാനമായും സ്വർണ്ണപണിക്കും പെയിന്റ് നിർമാണത്തിനുമാണ് ആഴിയിൽ നിന്നുള്ള ചിരട്ടക്കരി ഉപയോഗിക്കുന്നത്.
