ശബരിമല സന്നിധാനത്ത് മകരവിളക്ക് ഉത്സവത്തിനായുള്ള ഒരുക്കങ്ങൾ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. ജലവിഭവ വകുപ്പ് വലിയ നടപ്പന്തലിലെ വിതരണ പൈപ്പിന്റെ ചോർച്ച പരിഹരിച്ചു തുടങ്ങി. വിവിധ ഭാഗങ്ങളിലെ ജലവിതരണ സംവിധാനങ്ങളും പരിശോധിച്ചു. കെ.എസ്.ഇ.ബി യുദ്ധകാലാടിസ്ഥാനത്തിൽ വൈദ്യുതി വിതരണത്തിലെ ന്യൂനതകൾ പരിഹരിച്ചു. വലിയ നടപ്പന്തലിലെ ഫാനുകൾ അഴിച്ച് തകരാരുകൾ പരിശോധിച്ചു. കേടായ ട്യൂബ് ലൈറ്റുകൾ മാറ്റിസ്ഥാപിച്ചു. പൊതുമരാമത്ത് സന്നിധാനത്തെ ആഴിയിലെ കരിനീക്കം ചെയ്തു വെള്ളം ചീറ്റി വൃത്തിയാക്കി. മകരവിളക്ക് ഉത്സവത്തിനുള്ള അരവണ, അപ്പം എന്നിവയുടെ നിർമാണവും പായ്ക്കിംഗും തകൃതിയായി നടക്കുന്നുണ്ട്. വിശുദ്ധി സേനയുടെ മുന്നൂറിലധികം വരുന്ന അംഗങ്ങൾ സന്നിധാനവും പരിസരവും ശുചിയാക്കുന്ന ജോലികളിലാണ്. സന്നിധാനം വലിയ നടപ്പന്തലിൽ എസ്.ബി.ഐയുടെ നേതൃത്വത്തിൽ അറിയിപ്പ് നൽകാൻ ഡിജിറ്റൽ ഡിസ്പ്ലേയും സ്ഥാപിച്ചിട്ടുണ്ട്. കൊപ്ര കളത്തിന്റെ പ്രവർത്തനവും പൂർണ്ണ സജ്ജമാണ്. മറ്റ് ഒരുക്കങ്ങളും ഉടൻ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് വിവിധ വകുപ്പുകൾ. ഡിസംബർ 30 ന് വൈകിട്ട് 5.30ന് മകരവിളക്ക് ഉത്സവത്തിനായി ക്ഷേത്രനട തുറക്കും.