ആലപ്പുഴ: വനിത മതിൽ ലോക റെക്കോർഡിലേക്ക് പരിഗണിക്കുന്നതിലേക്കുള്ള യൂണിവേഴ്സൽ റിക്കോർഡ്സ് ഫോറം നിരീക്ഷണ സമിതിയുടെ ക്രമീകരണങ്ങൾ പൂർത്തിയായി.ലോക റിക്കോർഡിലേക്ക് പരിഗണിക്കുന്നതിലേക്ക് ആവശ്യമായ രേഖകൾ, വീഡിയോകൾ എന്നിവ തത്സമയം പകർത്തുന്നതിലേക്ക് 10 ജില്ലകളിലായി ജൂറി അംഗങ്ങൾ ഉൾപെട്ട നീരിക്ഷണ സമിതി രൂപീകരിച്ചു.ഓരോ ജില്ലാതല സമതിക്കും വോളണ്ടിയർമാരുമുണ്ടാകും.നിലവിൽ ഒരു കിലോമീറ്റർ ദൂരമാണ് ഒരംഗത്തിന് നല്കിയിരിക്കുന്നത്. ഇവർ തത്സമയം ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ വീഡിയോയും ഫോട്ടോയും പകർത്തി ജൂറി അംഗങ്ങൾക്ക് കൈമാറും. ശേഖരിക്കുന്ന ദൃശ്യങ്ങളുടെ സുതാര്യത ഉറപ്പ് വരുത്തി രേഖകളും വീഡിയോയും നിരീക്ഷണ സമിതിയുടെ മോണിറ്ററിംങ്ങ് കമ്മിറ്റിക്ക് നല്കും.ഇവ നിരീക്ഷിച്ചതിന് ശേഷം രാജ്യാന്തര ജൂറി ചെയർമാൻ ഡോ.സുനിൽ ജോസഫ് ലോക റിക്കോർഡ് പ്രഖ്യാപനം നടത്തുമെന്ന് നിരീക്ഷണ സമിതി മോണിറ്ററിങ്ങ് കമ്മിറ്റി ചെയർമാൻ ഡോ.ജോൺസൺ വി.ഇടിക്കുള പറഞ്ഞു.