തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്കുള്ള റോഡിന്റെ ഇടതു വശത്ത് വനിതകൾ അണിനിരന്ന് മതിലൊരുക്കണമെന്ന് ജില്ലാ സംഘാടക സമിതി രക്ഷാധികാരി കൂടിയായ സഹകരണം ടൂറിസം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. എതിർ വശത്ത് പുരുഷൻമാരും നിൽക്കും. ട്രാഫിക് തടസം സൃഷ്ടിക്കാതെ റോഡിന്റെ ഓരം ചേർന്നുവേണം നിൽക്കേണ്ടത്. വനിതാ മതിൽ വൻ വിജയമാകുമെന്ന് മന്ത്രി പറഞ്ഞു.
വനിതാ മതിൽ സൃഷ്ടിക്കുന്നതിനുള്ള ആളുകളുമായി എത്തുന്ന വാഹനങ്ങൾ നിശ്ചിത കേന്ദ്രങ്ങളിൽ പാർക്ക് ചെയ്യണം. ഇതിനുള്ള ക്രമീകരണം പോലീസ് ഒരുക്കും. പോലീസിന്റെ നിർദ്ദേശം എല്ലാവരും പാലിക്കണമെന്ന് സംഘാടക സമിതി അറിയിച്ചു. ദേശീയ പാതയിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത്. എമർജൻസി വാഹനങ്ങൾ കടത്തി വിടാൻ ഓരോ സ്ഥലത്തുമുള്ള വോളണ്ടിയർമാർ ശ്രദ്ധിക്കണം. പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നതിന് വനിതകളെ മുൻകൂട്ടി നിശ്ചയിച്ചിട്ടുണ്ട്. നാൽക്കവലകളിൽ നിശ്ചിത സമയത്തിന് പത്ത് മിനിട്ട് മുമ്പ് മാത്രം മതിൽ സൃഷ്ടിക്കണമെന്ന് സംഘാടക സമിതി നിർദ്ദേശിച്ചു.
നേരത്തെ നിശ്ചയിച്ചു നൽകിയിട്ടുള്ള സ്ഥലങ്ങളിൽ വേണം വനിതകൾ അണിനിരക്കേണ്ടത്. വിവിധ സ്ഥലങ്ങളിൽ നിന്ന് അറിയിച്ചിട്ടുള്ള സമയത്ത് തന്നെ വാഹനങ്ങൾ പുറപ്പെടണം. പരമാവധി ആളുകളെ കയറ്റി വേണം വാഹനങ്ങൾ പുറപ്പെടേണ്ടത്. മതിൽ സൃഷ്ടിക്കുന്ന വനിതകൾ കൃത്യ സമയത്തു തന്നെ വാഹനങ്ങൾ പുറപ്പെടുന്ന സ്ഥലങ്ങളിൽ എത്തണം.
വെള്ളയമ്പലം അയ്യൻകാളി പ്രതിമയ്ക്ക് സമീപം നടക്കുന്ന പൊതുയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്, സഹകരണ ടൂറിസം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്നിവരുടെ സാന്നിധ്യമുണ്ടാവും. വൃന്ദാകാരാട്ട്, ആനിരാജ, നവോത്ഥാന സംരക്ഷണ സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാറടക്കമുള്ള ഭാരവാഹികൾ വെള്ളയമ്പലത്തെ പ്രധാന പൊതുയോഗത്തിൽ പങ്കെടുക്കും. നിശ്ചിത കേന്ദ്രങ്ങളിൽ പ്രതിജ്ഞയ്ക്കു ശേഷം പൊതുയോഗവും നടക്കും. പോലീസിന്റെയും സംഘാടക സമിതിയുടെയും നിർദ്ദേശങ്ങൾ പാലിച്ച് വനിതാ മതിൽ വൻ വിജയമാക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.