ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ പുതുവർഷ ദിനത്തിൽ സംഘടിപ്പിച്ച വനിതാ മതിലിൽ ജില്ലയിൽ ഒരു ലക്ഷം പേരെ അണിനിരത്തി കേരള പുലയർ മഹാ സഭ. സ്ത്രീ സംരക്ഷണം, നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുക എന്ന മുദ്രാവാക്യങ്ങൾ ഉയർത്തി കാസർകോട് മുതൽ തിരുവനന്തപുരം വരെ സംഘടിപ്പിച്ച വനിതാമതിലിൽ ശ്രദ്ധേയമായ പങ്കാളിത്തമാകാൻ കെ.പി.എം.സിനായി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 17 യൂണിറ്റുകളിൽ നിന്നാണ് വനിതാ മതിലിൽ അണിനിരക്കാനായി സ്ത്രീകൾ എത്തിയത്. 370 ശാഖകളും, 364 പഞ്ചമി സ്വയം സഹായ സംഘങ്ങളും അടങ്ങുന്നതാണ് ജില്ലയിലെ വിവിധ കെ.പി.എം.എസ്. യൂണിറ്റുകൾ. ഒരു ശാഖയിൽ 200പേർ, പഞ്ചമി സ്വയം സഹായ സംഘങ്ങളിൽ 20 വീതം സ്ത്രീകളുമാണ് അംഗങ്ങളായുള്ളത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകൾക്ക് വനിതാ മതിലിൽ അണിനിരക്കാൻ ദേശീയ പാതയിൽ എത്തുന്നതിനായി അതത് യൂണിയനുകളുടെ നേതൃത്വത്തിൽ 200 വാഹനങ്ങളാണ് സജ്ജീകരിച്ചത്. വനിതാ മതിലിന്റെ സുഗമമായ നടത്തിപ്പിനായി ജില്ലാ- യൂണിയൻ കമ്മിറ്റി പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ, വൈസ് പ്രസിഡന്റ്, അസി. സെക്രട്ടറി എന്നിവർ പ്രത്യേകം തയ്യാറാക്കിയ പച്ച നിറത്തിലുള്ള സെറ്റ് സാരിയുടുത്താണ് മതിലിൽ പങ്കെടുത്തത്. മതിലിന്റെ അര കിലോമീറ്റർ പരിധിയിൽ ഒരു നേതാവ് എന്ന രീതിയാലണ് ഇവർ പ്രവർത്തിച്ചത്. കെ.പി.എം.എസ്. ജില്ലാ പ്രസിഡന്റ് പി. ആർ. ശിശുപാലൻ, സെക്രട്ടറി എ.പി. ലാൽ കുമാർ, ട്രഷറർ കാർത്തികേയൻ, വൈസ് പ്രസിഡന്റ് പുന്നൂസ് മാവേലിക്കര, അസി. സെക്രട്ടറിമാരായ ഷിജു മാന്നാർ, സതീഷ് ചാരുമ്മൂട്, പി. സി. മണി അരൂർ, വനിതാ നേതാക്കളായ കുഞ്ഞൂഞ്ഞാമ്മ ജനാർദ്ധനൻ, കവിതാ രാജു, ബിനുഅമ്മ ശിശുപാലൻ, സുജാതാ കായംകുളം, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ. കെ. ജനാർദ്ധനൻ, ബിജു കലാശാല, രമേശ് മണി എന്നിവർ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി കെ.പി.എം.എസ്. പ്രവർത്തകരെ വനിതാ മതിലിൽ അണിനിരത്തുന്നതിന് നേതൃത്വം വഹിച്ചു.