ആലപ്പുഴ: വനിതാ മതിലിൽ രണ്ട് ലക്ഷം സ്ത്രീകളെ അണിനിരത്തി സജീവ സാന്നിധ്യമായി ജില്ലയിലെ കുടുംബശ്രീ പ്രവർത്തകർ മാറി. അരൂർ മുതൽ ഓച്ചിറ വരെ,110 കിലോമീറ്ററോളം ഏറ്റവും നീളമേറിയ വനിതാ മതിൽ സംഘടിപ്പിച്ചതും ജില്ലയിലാണ്. അഞ്ച് ലക്ഷത്തോളം സ്ത്രീകളാണ് ജില്ലയിൽ മാത്രം അണിനിരന്നത്. ഇവരിൽ രണ്ട് ലക്ഷത്തോളം വനിതകൾ ജില്ലയിലെ കുടുംബശ്രീയുടെ പ്രവർത്തകരാണ്. ജില്ലയിലെ 79 സി.ഡി.എസുകൾ, 1350 എ.ഡി.എസുകൾ, അയൽക്കൂട്ടങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള കുടുംബശ്രീ പ്രവർത്തകരാണ് വനിതാ മതിലിൽ അണിനിരന്നത്്. കയ്യിൽ പിങ്ക്, മെറൂൺ നിറങ്ങളിലുള്ള റിബണ് കെട്ടി കേരളത്തിന്റെ പരമ്പരാഗത വേഷമായ സെറ്റ് സാരിയണിഞ്ഞ് കുടുംബത്തോടെയാണ് വനിതാ മതിലിൽ അണി ചേരാനായി ജില്ലയിലെ കുടുംബശ്രീ പ്രവർത്തകർ എത്തിയത്. ഇവരെ നിയന്ത്രിക്കാനും വേണ്ട സൗകര്യങ്ങൾ ഒരുക്കാനുമായി പ്രത്യേകം പരിശീലനം നൽകിയ വോളന്റിയർമാറും ജില്ലയിലുടനീളം അണിനിരന്നു. വനിതാ മതിലിന്റെ പ്രാധാന്യം എല്ലാവരിലും എത്തിക്കുന്നതിനായി കൃത്യതയാർന്ന പ്രചാരണ പ്രവർത്തനങ്ങളാണ് ജില്ലാ കുടുംബശ്രീ മിഷനു കീഴിൽ വിവിധ സി.ഡി.എസുകൾ കേന്ദ്രീകരിച്ച് നടത്തിയത്. കാൽനട പ്രചരണ ജാഥ, പൊതു സഭകൾ, പോസ്റ്റർ പ്രചരണം, ദീപശിഖാ റാലി, ബൈക്ക് റാലി, കാൽനട യാത്ര, കയ്യെഴുത്ത് പോസറ്റർ, ഒപ്പ് ശേഖരണം, തെരുവ് നാടകങ്ങൾ, വീടുകൾ തോറും കയറി ഇറങ്ങിയുള്ള പ്രചാരണങ്ങൾ, അനൗൺസ്മെന്റ് എന്നിവയും വനിതാ മതിലിന് മുന്നോടിയായി ജില്ലയിലെ കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ നടത്തിയിരുന്നു. കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓർഡിനേറ്ററുടെ ചുതല വഹിക്കുന്ന പി. സുനിൽ, എ.ഡി.എം.സി. കെ.ബി. അജയകുമാർ, സി.ഡി.എസ്., എ.ഡി.എസ്. ചെയർപേഴ്സൺമാർ എന്നിവർ വനിതാ മതിലിനോട് അനുബന്ധിച്ചുള്ള ജില്ലയിലെ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.