കാക്കനാട്: സംസ്ഥാന സർക്കാർ, കേരള പുനർനിർമാണ പദ്ധതി, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, യുഎൻഡിപി എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന സുരക്ഷിത കേരളം ബോധവൽക്കരണ പ്രചരണ പരിപാടിക്ക് ജില്ലയിൽ തുടക്കം കുറിച്ചു. പരിപാടിയുടെ ഭാഗമായി സുരക്ഷിത ഭവന നിർമാണത്തെ കുറിച്ചുള്ള വിവരങ്ങളടങ്ങിയ റോഡ് ഷോ ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫിറുള്ള ഫ്ലാഗ് ഓഫ് ചെയ്തു. കളക്ടറേറ്റിൽ നിന്നും ആരംഭിച്ച വാഹനം ദുരന്തങ്ങളെ അതിജീവിക്കുന്ന പാർപ്പിട നിർമ്മാണ രീതികളെക്കുറിച്ചും ദുരന്ത ലഘൂകരണത്തെക്കുറിച്ചുമുള്ള വിവരണങ്ങൾ ജനങ്ങൾക്ക് നിർദേശിച്ചുകൊണ്ട് മൂന്നു ദിവസം ജില്ലയിലെ പ്രളയം ശക്തമായി ബാധിച്ച പ്രദേശങ്ങളിൽ സഞ്ചരിക്കും. നാശനഷ്ടങ്ങൾ സംഭവിച്ച വീടുകളുടെ പുനർ നിർമ്മിതി മാത്രമല്ല ഭാവിയിലെ നിർമ്മാണങ്ങൾ ദുരന്തങ്ങളെ അതിജീവിക്കുകയും പരിസ്ഥിതിക്ക് ഇണങ്ങുന്ന രീതിയിൽ രൂപപ്പെടുത്തിയെടുക്കാൻ ജനങ്ങളെ ബോധവത്കരിക്കുക എന്ന ഉദ്ദേശത്തോടെയാണ് റോഡ് ഷോ സംഘടിപ്പിച്ചിരിക്കുന്നത്. ഇടുക്കി ജില്ലയിലെ മൂന്ന് ദിവസത്തെ റോഡ് ഷോയ്ക്ക് ശേഷമാണ് വാഹനം എറണാകുളത്ത് എത്തിയിരിക്കുന്നത്. ഇവിടെനിന്നും വാഹനം 19ന് കോട്ടയത്തേക്ക് തിരിക്കും.

കൂടാതെ പൊതുജനങ്ങൾക്ക് സുരക്ഷിത ഭവന നിർമാണത്തെ കുറിച്ചുള്ള വിവരങ്ങൾ വീഡിയോ, ഫോട്ടോ പ്രദർശനം ഈമാസം 19 20 തീയതികളിൽ ആലുവ യുസി കോളേജിൽ വച്ച് നടക്കും. പ്രദർശന മേളയിൽ പൊതുജനങ്ങൾക്ക് സന്ദർശിക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കും. കൂടാതെ പാർപ്പിട നിർമാണത്തിൽ മേസ്തിരി മാർക്കുള്ള പരിശീലനങ്ങളും ഇതിനോടനുബന്ധിച്ച് നൽകുന്നുണ്ട്.

സുരക്ഷിത കേരളത്തിനായി പ്രളയത്തെ അതിജീവിക്കുന്ന നിർമാണപ്രവർത്തനങ്ങളും കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് നിരവധി മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. സുരക്ഷിത കേരളം എന്ന സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനാണ് നിർമ്മാണ പ്രവർത്തനങ്ങളെ കുറിച്ചും അതിന്റെ സാങ്കേതികവിദ്യകൾ സംബന്ധിച്ചും മാതൃകകൾ സഹിതം വിശദമായി പ്രതിപാദിക്കുന്ന പ്രചരണ പരിപാടി കേരളത്തിലെ എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്നത്. പ്രളയം രൂക്ഷമായി ബാധിച്ച വയനാട്, തൃശൂർ , എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, കൊല്ലം എന്നീ ജില്ലകളിലാണ് റോഡ് ഷോയും ജില്ലാകേന്ദ്രങ്ങളിൽ പ്രദർശനങ്ങളും സംഘടിപ്പിക്കുന്നത്. പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിൽ വീട് നിർമ്മിക്കുന്നതിന് മുമ്പ് വീട്ടുടമകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, നിർമാണ സ്ഥലം തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ, കെട്ടിടത്തിന് വിവിധ ഭാഗങ്ങൾ എങ്ങനെ പ്രളയത്തിൽ നിന്ന് രക്ഷിക്കാം, വൈദ്യുത പ്ലംബിംഗ് സംവിധാനങ്ങൾ, നിർമാണപ്രവർത്തനങ്ങൾ അനുവർത്തിക്കാവുന്ന മാതൃകകൾ, ഭിന്നശേഷിക്കാർക്കുള്ള പാർപ്പിട നിലവാരം, എമർജൻസി കിറ്റ് എന്നിങ്ങനെയുള്ള വിശദമായ കാര്യങ്ങൾ ഉൾപ്പെടുത്തിയാണ് റോഡ് ഷോയും ജില്ലാകേന്ദ്രങ്ങളിൽ പ്രദർശനവും സംഘടിപ്പിക്കുന്നത്.

കളക്ടറേറ്റ് വളപ്പിൽ നടന്ന ഫ്ലാഗ് ഓഫ് പരിപാടിയിൽ ഡെപ്യൂട്ടി കളക്ടർ ഷീല ദേവി, എച്ച് എസ് ഗീത എച്ച്എസ് ഗീത കാണിശ്ശേരി, ഡിസാസ്റ്റർ മാനേജ്മെൻറ് വകുപ്പിലെയും ജില്ല അടിയന്തരഘട്ട കാര്യനിർവഹണത്തിലെയും ഉദ്യോഗസ്ഥർ പങ്കെടുത്തു.