അങ്കമാലി: അങ്കമാലി നഗരസഭയിൽ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ പെടുത്തി സിമൻറുകട്ട നിർമ്മാണ യൂണിറ്റ് പ്രവർത്തനം തുടങ്ങി. വേങ്ങൂർ നോർത്ത് 11-ാം വാർഡിൽ അംബേദ്ക്കർ കോളനിയിലാണ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചത്. നഗരസഭയിലെ 3 വാർഡുകളിലാണ് പ്രവർത്തനം. 15 ലക്ഷം രൂപ ചെലവഴിച്ചാണ് യൂണിറ്റ് ആരംഭിച്ചിരിക്കുന്നത്‌. ഒരു ദിവസം ആറ് തൊഴിലാളികൾക്കെങ്കിലും ജോലി ലഭിക്കുന്ന തരത്തിൽ യൂണിറ്റ് പ്രവർത്തിക്കും. പദ്ധതി പ്രകാരം നിർമ്മിക്കുന്ന സിമന്റ് കട്ടകൾ പി.എം.എ.വൈ, ലൈഫ് പദ്ധതിയിൽപെട്ട ഗുണഭോക്താക്കൾക്ക് സൗജന്യമായാണ് വിതരണം ചെയ്യുന്നത്.

കേരളത്തിൽ പദ്ധതി നടപ്പിലാകുന്ന ആദ്യ നഗരസഭയാണ് അങ്കമാലി.
സിമന്റ് കട്ട നിർമ്മാണ യൂണിറ്റിന്റെ ഉദ്ഘാടനം അംബേദ്ക്കർ കോളനിയിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ എം.എ.ഗ്രേസി ടീച്ചർ നിർവ്വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻ ബിജു പൗലോസ് അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ എം.എസ്.ഗിരീഷ് കുമാർ, ഷോബി ജോർജ്ജ്.നഗരസഭ കൗൺസിലർമാരായ ടി. വൈ. ഏല്യാസ്, രേഖ ശ്രീജേഷ്, എം.ജെ.ബേബി, ബിനി.ബി.നായർ, ബിനു.ബി.അയ്യമ്പിള്ളി ,ഷൈറ്റ ബെന്നി മുൻ കൗൺസിലർമാരായ ഇ.വി.കമലാക്ഷൻ, സെലീന ദേവസി എന്നിവർ സംസാരിച്ചു വാർഡ്‌ കൗൺസിലർ ലേഖ മധു സ്വാഗതവും, സി.ഡി.എസ്.വൈസ് ചെയർപേഴ്സൺ ഷൈലജ തങ്കരാജ് നന്ദിയും പറഞ്ഞു.

കാപ്ഷൻ
അങ്കമാലി നഗരസഭയിലെ സിമൻറ് കട്ട നിർമ്മാണ യൂണിറ്റ് പ്രവർത്തനോദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ എംഎ ഗ്രേസി നിർവഹിക്കുന്നു