krishi

ഹരിപ്പാട്:പ്രളയത്തിൽ കനത്ത നാശനഷ്ടം നേരിട്ട വീയപുരം വിത്ത് ഉത്പ്പാദന കേന്ദ്രം അതിജീവനത്തിന്റെ വിത്ത് വിതച്ച് വിജയചരിത്രം ആവർത്തിക്കുകയാണ്.പ്രളയം വരുത്തിയ നാശനഷ്ടങ്ങളെല്ലാം കാറ്റിൽപറത്തിയുള്ള അതിജീവന പ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. 50 ഏക്കർ പാടത്ത് നിന്നും 80 ടൺ നെൽ വിത്താണ് ഇവിടെ ഉത്പ്പാദിപ്പിച്ചിരുന്നത്. 40 ടൺ നെൽ വിത്ത് ഫാമിൽ ഉണ്ടായിരുന്ന സമയത്തായിരുന്നു വെള്ളപ്പൊക്കം.അന്ന് ജീവനക്കാരുടെ കൃത്യതയോടെയുള്ള ഇടപെടൽകാരണം നാശനഷ്ടം കുറയ്ക്കാനായി. അന്ന് പാടശേഖരം മുഴുവൻ എക്കൽ അടിഞ്ഞതിനൊപ്പം നെല്ല് പ്രൊസസിഗ് യൂണിറ്റിലെ മെഷീനുകളും നശിച്ചിരുന്നു. കർഷകർക്ക് നൽകാനായി ഇവിടെ സംഭരിച്ചിരുന്ന 6300 കിലോ നെൽവിത്ത്, റെഡ് ലേഡി ഓമ, പയർ, പപ്പായ, കോവൽ, തക്കാളി, വഴുതന, മുളക്, ചീര, പടവലം, മത്തൻ, തടിയൻ, വെള്ളരി, വെണ്ട, ചോളം എന്നിവയുടെ തൈകളും, യൂറിയ, ഫാക്ടംഫോസ്, പൊട്ടാഷ്, തുടങ്ങിയ വളങ്ങളും വെള്ളം കയറി നശിച്ചു. നാല് അടിയോളം ഉയരത്തിലാണ് ഇവിടെ വെള്ളം കയറിയത്. പ്രളയത്തിൽ കഴിഞ്ഞ വർഷത്തെ ഓണ വിപണി ലക്ഷ്യമിട്ട് കൃഷി ചെയ്ത ലക്ഷക്കണക്കിന് രൂപയുടെ പച്ചക്കറി കൃഷിയും നശിച്ചു.

വീണ്ടും പച്ചപ്പിലേക്ക്
പ്രളയാനന്തര പ്രവർത്തനങ്ങളുടെ ഫലമായി വിത്തുൽപ്പാദന കേന്ദ്രം വീണ്ടും പച്ചയണിയുകയാണ്. അടുക്കള തോട്ടം തുടങ്ങാൻ താൽപര്യമുള്ളവർക്കെല്ലാം പച്ച മുളക്, തക്കാളി, കാരറ്റ്, കാബേജ്, വഴുതനങ്ങ, പടവലങ്ങ എന്നിവയുടെ തൈകൾ മൂന്ന് രൂപ നിരക്കിൽ ഇവിടെ നിന്നും ലഭിക്കും. കറിവേപ്പ് തൈ 15രൂപ, അഗത്തി ചീര തൈ 18രൂപ, മുരിങ്ങ തൈ 25രൂപ, പപ്പായ തൈ 40രൂപ എന്നീ നിരക്കിലും ഇവിടെ ലഭിക്കും. കോളീഫ്ളവർ, കറിവേപ്പ്, മുരിങ്ങ, കാബേജ്, വഴുതന, വെണ്ട, തക്കാളി, റെഡ്ലേഡി ഓമ, പയർ, പപ്പായ, കോവൽ, മുളക്, ചീര, പടവലം, എന്നിവയുടെ തൈകളും ഇവിടെ തയ്യാറായിക്കൊണ്ടിരിക്കുന്നു. നെല്ലിനങ്ങളിൽ നിലവിൽ 65 ദിവസം പ്രായമായ ഉമ ഇനത്തിൽപെട്ട നെല്ലാണ് ഇപ്പോൾ ഉത്പ്പാദിപ്പിക്കുന്നത്. ഏപ്രിൽ ആദ്യ വാരത്തോടെ കൊയ്ത്ത് ആരംഭിക്കും. 90ടൺ നെൽ വിത്ത് ഇക്കുറി ലഭിക്കുമെന്നാണ് പ്രതീക്ഷ.പ്രളയാനന്തര പ്രവർത്തനങ്ങൾക്ക് 15ലക്ഷം രൂപയുടെ അടിയന്തര ധന സഹായം സംസ്ഥാന സർക്കാർ നൽകിയിരുന്നു. സംസ്ഥാന സർക്കാറിന്റെ സീഡ് അതോറിറ്റി വഴിയാണ് പ്രധാനമായും നെൽ വിത്തുകൾ വിതരണം ചെയ്യുന്നത്. കൂടാതെ ഇവിടെയെത്തുന്ന കർഷകർക്ക് നേരിട്ടും നെൽ വിത്തുകൾ വിതരണം ചെയ്യും. ഇവിടെ ഉത്പ്പാദിക്കുന്ന പച്ചക്കറി തൈകൾ വിവിധ കൃഷി ഭവനുകൾ വഴിയും പൊതുജനങ്ങൾ നേരിട്ടെത്തിയും തൈകൾ വാങ്ങാം. അസിസ്റ്റന്റ് കൃഷി ഓഫീസർ മിനി ടോം, അഗ്രികൾച്ചർ അസിസ്റ്റന്റ് കെ. സന്തോഷ്, കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് വീയപുരം വിത്തുൽപാദന കേന്ദ്രത്തിലെ പ്രവർത്തനങ്ങൾ നടക്കുന്നത്