വയനാട് കൃഷ്ണഗിരി മലമുകളിൽ ക്രിക്കറ്റ് കളിയുടെ ചരിത്രം പിറന്നു. രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ രാജകീയ പോരാട്ടങ്ങളിൽ ചരിത്രത്തിലാദ്യമായി കേരളം സെമി ഫൈനലിൽ ഇടം പിടിച്ചു. ക്വാർട്ടർ ഫൈനലിൽ കരുത്തരായ ഗുജറാത്തിനെതിരെ 113 റൺസിന്റെ വിസ്മയവിജയം കുറിച്ചാണ് കേരളം അവസാന നാലിലെത്തിയത്. പേസർമാരെ അകമഴിഞ്ഞ് തുണച്ച വിക്കറ്റിൽ 195 റൺസ് വിജയ ലക്ഷ്യവുമായിറങ്ങിയ എതിരാളികളെ 81 റൺസിന് പുറത്താക്കിയാണ് കേരളത്തിന്റെ സ്വപ്ന നേട്ടം. അഞ്ചു വിക്കറ്റു വീഴത്തി ബേസിൽ തമ്പിയും നാലു വിക്കറ്റ് നേട്ടവുമായി സന്ദീപ് വാര്യരും തിളങ്ങി. രാഹുൽ ഷാ(33 നോട്ടൗട്ട്), ധ്രുവ് റാവൽ (17) എന്നിവർ മാത്രമാണ് ഗുജറാത്ത് ഇന്നിങ്‌സിൽ രണ്ടക്കം കണ്ടത്. ഒന്നാമിന്നിങ്‌സിൽ കേരളം 185 റൺസെടുത്തപ്പോൾ ഗുജറാത്ത് 162 ന് പുറത്തായിരുന്നു. രണ്ടാമിന്നിങ്‌സിൽ കേരളം 171 റൺസ് നേടി. രണ്ടിന്നിങ്‌സുകളിലായി എട്ടു വിക്കറ്റും ഒന്നാമിന്നിങ്‌സിൽ 37 റൺസും നേടിയ ബേസിലാണ് കളിയിലെ കേമൻ. ഉത്തർ ഖണ്ഡ് – വിദർഭ ക്വാർട്ടർ മത്സര വിജയികളാണ് സെമിയിൽ കേരളത്തിന്റെ എതിരാളികൾ.