വിവിധ ദുരന്തമുഖങ്ങളില്‍ ഭിന്നശേഷിക്കാരും അവരുടെ പരിചാരകരും കൈക്കൊള്ളേണ്ട മുന്‍കരുതലുകളും ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങളും വിശദമാക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ പ്രത്യേക പരിശീലനം. കാക്കനാട് ഗവ.യൂത്ത് ഹോസ്്റ്റലില്‍ നടക്കുന്ന നാല് ദിവസത്തെ പരിശീലനത്തില്‍ ഒരോ ദിവസവും ഓരോ വിഭാഗം ഭിന്നശേഷിക്കാര്‍ക്കാണ് പരിശീലനം.
പരിശീലന പരിപാടിയുടെ മൂന്നാം ദിവസമായ ഇന്ന് ബുദ്ധിപരമായ വൈകല്യം ഉള്ളവര്‍ക്കും അവരുടെ പരിചാരകര്‍ക്കുമുള്ള പരിശീലനം നടക്കും. രാവിലെ 10 മുതല്‍ വൈകീട്ട് നാല് വരെയുള്ള പരിശീലനത്തില്‍ വ്യത്യസ്ത വിഭാഗങ്ങളില്‍ വിദഗ്ദ്ധര്‍ ക്ലാസുകള്‍ എടുക്കും.
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഓരോ ജില്ലകളിലും സംഭവിക്കാന്‍ സാധ്യതയുള്ള ദുരന്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഓരോ ജില്ലകളിലും അവിടങ്ങളില്‍ സംഭവിക്കാന്‍ സാധ്യതയുള്ള ദുരന്തങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയാണ് ക്ലാസ്സുകള്‍. സംസ്ഥാനതലത്തില്‍ നടക്കുന്ന പരിശീലന പരിപാടിയില്‍ ഒന്‍പതാമതാണ് എറണാകുളത്ത് നടക്കുന്ന പരിശീലനം.
ക്ലാസ്സുകളുടെ ഭാഗമായി വിവിധതരം ദുരന്തങ്ങളും അവയുടെ വ്യത്യസ്തഘട്ടങ്ങളും എന്ന വിഭാഗത്തിലാണ് ആദ്യ ക്ലാസ്. ദുരന്തങ്ങളും മുന്‍ കരുതലുകളും അഭിമുഖീകരണവും, പ്രഥമ ശുശ്രൂഷ എന്നിവയാണ് മറ്റ് സെക്ഷനുകള്‍. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ റിപ്പോര്‍ട്ടനുസരിച്ച് എറണാകുളം ഭൂകമ്പം, വരള്‍ച്ച, സൂര്യാഘാതം, വെള്ളപ്പൊക്കം, തീരശോഷണം എന്നിങ്ങനെ വിവിധ പ്രകൃതി ദുരന്തസാധ്യതാ പ്രദേശമാണ്. ഇതിന് പുറമേ രാസപദാര്‍ത്ഥങ്ങള്‍ മൂലമുള്ള ദുരന്തസാധ്യതാ മേഖലയും.
എല്ലാ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളിലെയും പ്രാഥമിക പാഠം ദുരന്തമുഖങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കുക എന്നതാണ്. രാസദുരന്തമുഖങ്ങളില്‍ മാസ്‌ക് ധരിക്കേണ്ടതിന്റെ പ്രാധാന്യവും വൈദ്യുതി വിച്ഛേദിക്കേണ്ടതിന്റെ പ്രാധാന്യവും രീതികളും ക്ലാസ്സുകളില്‍ വിശദമായി കൈകാര്യം ചെയ്യുന്നു. വിവിധ അടിയന്തര ഘട്ടങ്ങളിലെ പ്രഥമ ശുശ്രൂഷയെക്കുറിച്ചും വ്യക്തമായ പരിശീലനം ക്ലാസ്സുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കും.
വിവിധ വിഭാഗം ഭിന്നശേഷിക്കാര്‍ക്ക് പരിശീലനം നല്‍കി അവരിലൂടെ പരിശീലനം ലഭിക്കാത്തവര്‍ക്ക് കൂടി ക്ലാസ്സിന്റെ പ്രയോജനം ലഭിക്കത്തക്ക വിധമാണ് ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്നതെന്ന് ഡോ. അനില എം. സി പറഞ്ഞു. ദുരന്ത ബാധിത മേഖലകളിലെ വീടുകളില്‍ നിന്ന് സുരക്ഷാ കേന്ദ്രങ്ങളിലേക്ക് നീങ്ങേണ്ടതിന്റെ പ്രാധാന്യത്തോടൊപ്പം ഭിന്നശേഷിക്കാര്‍ ഏത് സമയവും നിര്‍ബന്ധിതമായി കരുതേണ്ട അടിയന്തര സഞ്ചിയുടെ ക്രമീകരണവും പരിശീലനത്തില്‍ വ്യക്തമാക്കുന്നു. തിരിച്ചറിയല്‍ രേഖ, ഭിന്നശേഷി തിരിച്ചറിയല്‍ രേഖ, സഹായ ഉപകരണം, മരുന്ന്, മരുന്ന് വിവരങ്ങള്‍, എന്നിവ ഉള്‍ക്കൊള്ളുന്നതാണ് അടിയന്തര സഞ്ചി.
ജില്ലാ ദുരന്തനിവാരണ അതോറിറ്റി, ഇന്റര്‍ യൂണിവേഴ്‌സിറ്റി ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസ്, ജില്ലാ സാമൂഹ്യ നീതി ഓഫീസ് എന്നിവ സംയുക്തമായാണ് പരിശീലനം സംഘടിപ്പിക്കുന്നത്. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. കാഴ്ച വൈകല്യമുള്ളവർക്ക് വേണ്ടിയാണ് നാളത്തെ പരിശീലനം. 2016ല്‍ പാസ്സാക്കിയ ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ സംബന്ധിച്ച നിയമത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് ആദ്യമായി സംഘടിപ്പിക്കുന്ന പരിശീലന പരിപാടിയാണിത്.