ആലപ്പുഴ: മനുഷ്യനിലെ ജാതീയ മനോഭാവം സ്വതന്ത്ര ചിന്ത നശിപ്പിക്കുമെന്ന് എം.എൽ.എ മുല്ലക്കര രത്‌നാകരൻ. ഹൃദയവും ബുദ്ധിയും ചേർന്നാലെ ജാതീയതയെ അതിജീവിക്കാനാകു. വാക്കുകൾ ഔചിത്യ ബോധത്തോടെ ഉപയോഗിക്കാനറിയാത്തതാണ് ഈ സമൂഹത്തിന്റെ ദുരന്തം. അധ്വാനിക്കുന്നവർ മാത്രമാണ് ലോകത്തിലെ യഥാർത്ഥ മനുഷ്യരെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ കർമസദൻ പാസ്റ്ററൽ സെന്ററിൽ ആലപ്പുഴ നെഹ്‌റു യുവ കേന്ദ്രയും നാഷണൽ സർവീസ് സ്‌കീമും സംഘടിപ്പിച്ച ദേശീയ യുവജനവാരാഘോഷത്തിന്റെ സമാപനസമ്മേളനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു എം.എൽ.എ.
സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ കാലിക പ്രസക്തി എന്നതായിരുന്നു വിഷയം. സ്വാമി വിവേകാനന്ദന്റെ ജന്മദിനം തന്നെ യുവജനദിനമായി ആചരിക്കുന്നത് അർഥവത്താണെന്നും വിവേകാനന്ദനേയും അദ്ദേഹത്തിന്റെ ആശയങ്ങളേയും എല്ലാകാലത്തും ‘ലൈവായി’ നിലനിർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.യോഗത്തിൽ സന്നദ്ധ സംഘടനകൾക്ക് കായിക ഉപകരണങ്ങൾ വിതരണം ചെയ്തു.വാരാഘോഷത്തിന്റെ ഭാഗമായി നെഹ്‌റു യുവകേന്ദ്ര ജില്ലയിൽ നടത്തിയ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.നാഷണൽ സർവീസ് സ്‌കീം ജില്ലാ കോർഡിനേറ്റർ ഡോ.ധന്യ സേതുനാരായണൻ അധ്യക്ഷയായി. യോഗത്തിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ ചന്ദ്രഹാസൻ വടുതല,ജില്ലാ യൂത്ത് കോർഡിനേറ്റർ അലി സാബ്രിൻ, പ്രോഗ്രാം കോർഡിനേറ്റർ എസ്.ശ്രീവിദ്യ തുടങ്ങിയവർ പങ്കെടുത്തു.