ആലപ്പുഴ: ഭരണഘടന സാക്ഷരതയുടെ സന്ദേശം ബഹുജനങ്ങളിൽ എത്തിക്കുക, ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കുവാൻ ജനങ്ങളിൽ ബോധവൽക്കരണം നടത്തുക, ഭരണഘടന സാക്ഷരത പരിപാടിയിൽ ബഹുജനങ്ങളെ പങ്കാളികളാക്കുക എന്നീ ലക്ഷ്യത്തോടെ ജനുവരി 14ന് കാസർഗോഡ് നിന്നും ആരംഭിച്ച വാഹന പ്രാചരണ യാത്ര ജില്ലയിൽ ജനുവരി 22ന് എത്തുമെന്ന് ജില്ലപഞ്ചായത്ത് പ്രസിഡന്റ് ജി..വേണുഗോപാൽ. നാലു സ്ഥലങ്ങളിലാണ് സ്വീകരണ പരിപാടിയും സംഗമവും നടക്കുന്നത്. രാവിലെ 11ന് നെടുമുടി പഞ്ചായത്ത് പൂപ്പള്ളി, ഉച്ചയ്ക്ക് 12ന് ആലപ്പുഴ നഗരസഭ ഗവ.ഗേൾസ് സ്‌കൂൾ, ഉച്ചകഴിഞ്ഞ് 3.30ന് ഹരിപ്പാട് കുമാരപുരം പഞ്ചായത്ത് റീൻ പാലസ് ഓഡിറ്റോറിയം, വൈകിട്ട് 4.30ന് കായംകുളം മുൻസിപ്പാലിറ്റി പാർക്ക് മൈതാനം. സംസ്ഥാന സാക്ഷരതമിഷൻ ഡയറക്ടർ ഡോക്ടർ പി.എസ് ശ്രീകല സന്ദേശയാത്ര നയിക്കും. നിയമസഭ ഉദ്യോഗസ്ഥരും സന്ദേശയാത്രയെ അനുഗമിക്കും.

ആലപ്പുഴ ജില്ലയിൽ ഭരണഘടന സാക്ഷരത ബഹുജന വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി 2000 ക്ലാസുകളിലായി രണ്ടുലക്ഷം പേരെ ബോധവൽക്കരിക്കുന്ന പരിപാടികൾ നടന്നു വരികയാണ്. ഇതിന്റെ ഭാഗമായി തിരഞ്ഞെടുത്തിട്ടുള്ള 150 റിസോഴ്‌സ് പേഴ്‌സൺമാർക്ക് 2018 ഡിസംബർ 20ൽ ഗവ. മുഹമ്മദൻസ് സ്‌കൂളിൽ വെച്ച് ഏകദിന പരിശീലനം നൽകി. ജില്ലാതല സംഗമം 2018 ഡിസംബർ 30ന് ജില്ല പഞ്ചായത്തിൽ വെച്ച് നടത്തി. ബ്ലോക്ക്തല പരിശീലനങ്ങളും ഗ്രാമപഞ്ചായത്ത് പരിശീലനങ്ങളും നടത്തിവരുന്നു. ആറു ബ്ലോക്കുകളിൽ ക്ലാസുകളും ആരംഭിച്ചു.