വയനാടൻ കാർഷികർക്ക് പ്രതീക്ഷ നൽകി സെറികൾച്ചർ കൃഷി. നിലവിൽ ഒരേക്കറോ അതിൽ കൂടുതലോ സ്ഥലത്ത് മൾബറി കൃഷിയിറക്കുന്ന കർഷകർക്ക് മാസം ഏകദേശം 50,000 മുതൽ 60,000 രൂപ വരെ ലാഭം ലഭിക്കുന്നുണ്ടെന്നാണ് കണക്ക്. സിൽക്ക് ഉത്പാദനത്തിനായി പട്ടുനൂൽപുഴുവിനെ വളർത്തി അവയിൽ നിന്നും കൊക്കൂൺ ശേഖരിക്കുന്ന കൃഷി രീതിയാണ് സെറികൾച്ചർ. 25 ഡിഗ്രി മുതൽ 27 ഡിഗ്രി വരെയുള്ള കാലാവസ്ഥയാണ് സെറി കൾച്ചറിന് അനുയോജ്യം. അതിനാൽ വയനാടൻ കാലാവസ്ഥ പട്ടുനൂൽ പുഴു വളർത്തുന്നതിന് ഏറ്റവും അനുയോജ്യമാണെന്നാണ് കർഷകരുടെയും അനുഭവം. വയനാടിന് പുറമെ ഇടുക്കി, പാലക്കാട് എന്നീ ജില്ലകളും സെറികൾച്ചർ കൃഷിക്ക് യോജിച്ചതാണ്.
ഗ്രാമ വികസന വകുപ്പ് മുഖേന സെറികൾച്ചറിനെ കൂടുതൽ കർഷകരിലേക്ക് എത്തിക്കുവാനുള്ള പദ്ധതികളും ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നുണ്ട്. മികച്ച വരുമാനം കണ്ടെത്തുന്നതിനുള്ള പുതുവഴിയാണ് വയനാട്ടുകാർക്ക് സെറി കൾച്ചർ. ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിനു കീഴിൽ സെറി കൾച്ചർ പരിപോഷിപ്പിക്കുന്നതിനു വേണ്ടി പ്രത്യേക സെൽ തന്നെ പ്രവർത്തിക്കുന്നുണ്ട്. കണിയാമ്പറ്റ, അമ്പലവയൽ പ്രദേശങ്ങളിലെ അറുപതോളം കർഷകർക്ക് സെറികൾച്ചർ സെൽ പട്ടുനൂൽ പുഴുവിന്റെ മുട്ടകളും വിരിയിച്ച പട്ടുനൂൽ പുഴുക്കളെയും നൽകുന്നുണ്ട്.
പട്ടുനൂൽപുഴു കൃഷിക്ക് കുറഞ്ഞത് ഒരേക്കർ സഥലത്ത് മൾബറിച്ചെടി വളർത്തേണ്ടതുണ്ട്. ഏകദേശം നാൽപത് മുതൽ നാൽപ്പത്തിയഞ്ച് ദിവസങ്ങൾക്കുള്ളിൽ മൾബറിച്ചെടികൾ പാകമാകും. വളർച്ചയെത്തിയ മൾബറിയിലയാണ് പട്ടുനൂൽ പുഴുക്കളുടെ ആഹാരം. കൃഷി തുടങ്ങി 22 ദിവസങ്ങൾക്കുള്ളിൽ വിളവെടുക്കാമെന്ന പ്രത്യേകതയും സെറികൾച്ചറിനുണ്ട്. പട്ടുനൂൽപ്പുഴുക്കളിൽ നിന്ന് ലഭിക്കുന്ന കൊക്കൂണുകളാണ് വിപണനത്തിനുപയോഗിക്കുന്നത്. നിലവിൽ ജില്ലയിൽ കൊക്കൂണുകളുടെ വിപണന കേന്ദ്രം ഇല്ലാത്തതിനാൽ തൊട്ടടുത്ത വിപണിയായ കർണ്ണാടകയെയാണ് കർഷകർ ആശ്രയിക്കുന്നത്. വാഹന സൗകര്യം ഉള്ളതിനാൽ കൊക്കൂൺ വിപണിയിലെത്തിക്കാനും ചിലവ് കുറവാണ്.
കൊക്കൂണുകൾ ശാസ്ത്രീയമായി സംസ്‌കരിച്ചാണ് പട്ടുനൂൽ ഉത്്പാദിക്കുന്നത്. പട്ടുനൂൽ നിർമ്മിക്കുന്നവർ ചന്തയിൽ നിന്നും കൊക്കൂണുകൾ ലേലത്തിനെടുക്കുകയാണ് പതിവ്. കൊക്കൂണിന്റെ ഗുണനിലവാരം പരിശോധിച്ച് കേന്ദ്ര സിൽക്ക് ബോർഡ് ഒരു സ്ഥിര വിലയും നിശ്ചയിച്ചിട്ടുണ്ട്. കച്ചവടസമയത്ത് സിൽക്ക് ബോർഡ് നിശ്ചയിച്ച വിലക്ക് മുകളിലാണ് ലേലം പോവുക. ഇതു കർഷകർക്കും വലിയ അനുഗ്രഹമാണ്.
സെറികൾച്ചറിൽ താത്പര്യമുള്ള കർഷകർക്ക് സർക്കാരിൽ നിന്ന് എല്ലാ സഹായ സഹകരണങ്ങളും ലഭ്യമാണ്. ഒരേക്കറിൽ കുറയാതെ ഭൂമിയുള്ള കർഷകർക്ക് സെറികൾച്ചർ കൃഷിക്ക് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഗ്രാമ വികസന വകുപ്പിനു കീഴിലെ സെറികൾച്ചർ സെല്ലിൽ അപേക്ഷിക്കാം. ഇതിന്റെ അടിസ്ഥാനത്തിൽ അധികൃതർ സ്ഥലം പരിശോധിക്കുകയും മൾബറി കൃഷിക്ക് അനുയോജ്യമാണെന്ന് ഉറപ്പ് വരുത്തിയതിനു ശേഷം കർഷകർക്ക് ആവശ്യമായ പരിശീലനം നൽകുകയും ചെയ്യും. ചിലവ് കുറവായതിനാലും കുറഞ്ഞ കാലയളവിൽ വിളവ് ലഭിക്കുന്നതിനാലും സെറികൾച്ചറിന് കർഷകർക്കിടയിലും പ്രചാരം വർദ്ധിച്ചിട്ടുണ്ട്.