മൂവാറ്റുപുഴ: വില്ലേജോഫീസുകളെ ജന സൗഹൃദ കേന്ദ്രങ്ങളാക്കുന്ന തരത്തിൽ ഉദ്യോഗസ്ഥ സമീപനവും മാറണമെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ അഭിപ്രായപ്പെട്ടു. വെള്ളൂർക്കുന്നം സ്മാർട്ട് വില്ലേജോഫീസിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും താഴെ തട്ടിലുള്ള റവന്യൂ അധികാര കേന്ദ്രങ്ങളെന്ന നിലയിൽ സാധാരണക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് വില്ലേജോഫീസുകളെയാണ്. അതു കൊണ്ട് തന്നെ ഓരോ ഫയലും ഒരോ ജീവിതമാണെന്ന സർക്കാർ നയം മനസിലാക്കി പ്രവർത്തിക്കാൻ ഉദ്യോഗസ്ഥർ തയ്യാറാകണം. കാലപ്പഴക്കം ചെന്ന മുഴുവൻ വില്ലേജോഫീസുകളും ഘട്ടം ഘട്ടമായി നവീകരിച്ച് സ്മാർട്ടാക്കുകയാണ് സർക്കാർ ലക്ഷ്യം. ഇതിന്റെ ആദ്യ ഘട്ടമെന്ന നിലയിലാണ് ജില്ലയിലെ വെള്ളൂർക്കുന്നം അടക്കമുള്ള വില്ലേജോഫീസുകളെ സ്മാർട്ടാക്കുന്നത്. സർക്കാർ അധികാരമേറ്റയുടൻ തന്നെ വില്ലേജോഫീസുകളിലെ അടിസ്ഥാന പ്രശ്നങ്ങൾ മനസിലാക്കാൻ ജില്ലാതലത്തിലുള്ള റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തിരുന്നു. രേഖകൾ സൂക്ഷിക്കാൻ സൗകര്യമുള്ള വില്ലേജോഫീസുകളും ചോർന്നൊലിക്കുന്ന കെട്ടിടങ്ങളുളളളതും അക്കൂട്ടത്തിലുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സാമ്പത്തീക സ്ഥിതിക്കനുസരിച്ച് വില്ലേജോഫീസുകൾ നവീകരിക്കാൻ മന്ത്രിസഭ തീരുമാനിച്ചത്. ഭൂരഹിതർക്ക് ഭൂമി, വീടില്ലാത്തവർക്ക് വീട് എന്നിവയാണ് സർക്കാരിന്റെ അടിസ്ഥാന ലക്ഷ്യം. ഇതിന്റെ പൂർത്തീകരണത്തിനായി ഇതിനോടകം മൂന്ന് ലക്ഷത്തിലധികം പേർക്കാണ് പട്ടയം നൽകിയത്. മലയോര മേഖലയിലെ പട്ടയ പ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടികൾ സർക്കാർ പരിഗണനയിലാണ്. ഇഛാശക്തിയോടെയുള്ള ഉദ്യോഗസ്ഥരുടെ പ്രവർത്തനവും പൊതുജന സഹകരണവുമാണ് പ്രളയകാലത്തടക്കം മികച്ച പ്രവർത്തനം കാഴ്ചവക്കാൻ റവന്യൂ വകുപ്പിന് കഴിഞ്ഞതെന്നും മന്ത്രി പറഞ്ഞു. എൽദോ എബ്രഹാം എം.എൽ.എ അധ്യക്ഷത വഹിച്ചു. ജോയ്സ് ജോർജ് എം.പി. മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം എൻ. അരുൺ, നഗരസഭാ ചെയർപേഴ്സൺ ഉഷ ശശിധരൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജോസിജോളി, പഞ്ചായത്ത് പ്രസിഡന്റുമാരായ ആലീസ്.കെ..ഏലിയാസ്, ലീല ബാബു, നഗരസഭാ വൈസ് ചെയർമാൻ പി.കെ.ബാബുരാജ്, ബ്ലോക്ക് വൈസ് പ്രസിഡൻറ് സുഭാഷ് കടക്കോട്, അംഗം പായിപ്ര കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ കളക്ടർ മുഹമ്മദ് വൈ.സഫിറുള്ള സ്വാഗതവും ആർ.ഡി.ഒ എം.ടി. അനിൽകുമാർ നന്ദിയും പറഞ്ഞു. ചടങ്ങിൽ 4 ഭൂരഹിതർക്ക് പട്ടയവും 2 പേർക്ക് കൈവശ രേഖയും മന്ത്രി നൽകി. പ്രളയത്തിൽ മികച്ച പ്രവർത്തനം കാഴ്ച വച്ച റവന്യൂ ജീവനക്കാർക്ക് മന്ത്രി ഉപഹാരം നൽകി.