മുവാറ്റുപുഴ: അര നൂറ്റാണ്ടിന്റെ കാത്തിരുപ്പിനൊടുവിൽ കുഞ്ഞിന് ഇനി സ്വന്തം ഭൂമിയിൽ അന്തിയുറങ്ങാം. പട്ടയത്തിനായി ഓഫീസുകൾ കയറിയിറങ്ങിയ ഈ 82 കാരന് വെള്ളൂർ കുന്നം സ്മാർട്ട് വില്ലേജോഫീസിന്റെ ഉദ്ലാ ട ന ചടങ്ങിൽ റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ നേരിട്ട് പട്ടയം കൈമാറിയതോടെയാണ് അന്തിയുറങ്ങുന്ന ഭൂമി സ്വന്തമായത്. 1956 മുതൽ കൈവശമുള്ള പത്ത് സെന്റ് സ്ഥലത്ത് 1965 മുതൽ സ്ഥിരതാമസമാണ് പാലക്കുഴ പഞ്ചായത്തിലെ കോഴിപ്പിള്ളി ഷാപ്പുപടിയിലെ ചെട്ടിപ്പാറ വീട്ടിൽ കുഞ്ഞും കുടുംബവും. ഇവിടെ താമസം തുടങ്ങിയതു മുതൽ പട്ടയത്തിനായി കുഞ്ഞ് മുട്ടാത്ത വാതിലുകളില്ല. ചുവപ്പുനാടയിൽ കുരുങ്ങി പട്ടയമെന്ന സ്വപ്നം ബാക്കിയായപ്പോഴും കുഞ്ഞ് യൗവനവും വിട്ട് വാർധക്യത്തിലേക്ക് കടന്നു. വാർധക്യത്തിന്റെ അവശതകൾക്കിടയിലും പതിറ്റാണ്ടുകളായി താൻ തല ചായ്ക്കുന്ന ഭൂമി സ്വന്തമാക്കുക എന്ന ആഗ്രഹത്തോടെ ഇദ്ദേഹം ഓഫീസുകൾ കയറിയിറങ്ങി. ഈ അലച്ചിലിനാണ് വെള്ളൂർക്കുന്നം സ്മാർട്ട് വില്ലേജോഫീസ് ഉദ്ഘാടന വേളയിൽ പരിഹാരമായത്. ഇദ്ദേഹത്തിന്റെ അപേക്ഷ വസ്തുതാപരമാണെന്ന് വ്യക്തമായതോടെ മന്ത്രിയെ കൊണ്ട് തന്നെ പട്ടയം നൽകിക്കാൻ ഉദ്യോഗസ്ഥരും ജന പ്രതിനിധികളും തീരുമാനിക്കുകയായിരുന്നു. മൂത്ത മകൾ രാധയോടൊപ്പമാണ് പട്ടയം സ്വീകരിയ്ക്കാൻ കുഞ്ഞ് എത്തിയത്.നാല് പെൺമക്കളുടെ വിവാഹം കഴിഞ്ഞതിനാൽ ഭാര്യ തങ്കമ്മയ്ക്കൊപ്പം ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ ചെറ്റ കുടിലിലാണ് താമസം. താമസിക്കുന്ന സ്ഥലത്തിന് രേഖയില്ലാത്തതിനാൽ വീടുമായി ബന്ധപ്പെട്ട നിയമപരമായ മറ്റ് കാര്യങ്ങളും ചുവപ്പ് നാടയിൽ കുരുങ്ങി. പട്ടയം ലഭിച്ചതോടെ ഈ നിർധന കുടുംബത്തിന് ഇതിൽ നിന്നെല്ലാം മോചനമാവുകയാണ്. ജോയ്സ് ജോർജ് എം.പി, എൽദോ എബ്രഹാം എം.എൽ.എ, ജില്ലാ കളക്ടർ മുഹമ്മദ് വൈ. സഫിറുള്ള എന്നിവരും ചടങ്ങിന് സാക്ഷികളായി. കുഞ്ഞിനോടൊപ്പം മറ്റ് നാല് പേർക്ക് പട്ടയവും രണ്ട് പേർക്ക് കൈവശ രേഖയും മന്ത്രി ചടങ്ങിൽ വിതരണം ചെയ്തു.
