ആലപ്പുഴ: വിഷമില്ലാത്ത ഭക്ഷണത്തിന്റെ ഉത്പാദനത്തിലൂടെ മാത്രമേ ആരോഗ്യമുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കാനാവൂ എന്ന് സംസ്ഥാന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. പള്ളിപ്പാട് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ പള്ളിപ്പാട് ആഞ്ഞിലിമൂട്ടില്‍ കുടുംബയോഗം ഹാളില്‍ സംഘടിപ്പിച്ച ഹരിപ്പാട് ബ്ലോക്ക് തല ആത്മ കാര്‍ഷികമേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ മാരകരോഗങ്ങള്‍ പിടിപെടുന്നവരുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. ഭക്ഷ്യ വസ്തുക്കളിലെ വിഷാംശം ഇതിനൊരു പ്രധാന കാരണമാണ്. ജൈവ കൃഷിയിലൂടെ വിശ്വാസയോഗ്യമായ ഭക്ഷ്യവസ്തുക്കള്‍ സ്വന്തമായി ഉല്‍പ്പാദിപ്പിക്കാന്‍ ജനങ്ങള്‍ സന്നദ്ധരാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പള്ളിപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രകുറുപ്പ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
പച്ചക്കറി കൃഷിയിലെ സംയോജിത കീടരോഗ നിയന്ത്രണവും പരിപാലന മുറകളും എന്ന വിഷയത്തില്‍ വി.എഫ്.പി.സി.കെ ജില്ലാ ഡെപ്യൂട്ടി മാനേജര്‍ മായാ ശാന്തന്‍, പച്ചക്കറി കൃഷിയിലെ മൂല്യവര്‍ദ്ധനവ് എന്ന വിഷയത്തില്‍ ഷൈല പിള്ള എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. കാര്‍ഷിക പരിശീലനത്തിന്റെ ഉദ്ഘാടനം ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു കൊല്ലശ്ശേരി, കാര്‍ഷിക പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോണ്‍ തോമസ് എന്നിവര്‍ നിര്‍വ്വഹിച്ചു. ആത്മ പ്രൊജക്ട് ഡയറക്ടര്‍ ഫസീലാ ബീഗം, ഡപ്യൂട്ടി പ്രൊജക്ട് ഡയറക്ടര്‍ ജി.ആര്‍. രാധാകൃഷ്ണന്‍ എന്നിവര്‍ പദ്ധതി വിശദീകരിച്ചു.
മികച്ച സ്റ്റാളുകള്‍ക്കുള്ള അവാര്‍ഡ് ദാനം ഓണാട്ടുകര വികസന ഏജന്‍സി ചെയര്‍മാന്‍ എന്‍. സുകുമാരപിള്ള നിര്‍വ്വഹിച്ചു. തദ്ദേശ സ്വയം ഭരണ സ്ഥാപന പ്രതിനിധികളായ റ്റി.കെ. സുജാത, മിനി കൃഷ്ണകുമാര്‍, റെയ്ച്ചല്‍ വര്‍ഗ്ഗീസ്, പീറ്റര്‍ തോമസ്, ഷീലാ പ്രകാശ്, വികസന സമിതി അംഗങ്ങളായ ഗോപി ആലപ്പാട്, കൃഷ്ണന്‍കുട്ടി വടുതല, പ്രസാദ് തോമസ്, ഉണ്ണികൃഷ്ണന്‍ നെടുന്തര, ഹരിപ്പാട് എ.ഡി.എ. എലിസബത്ത് ഡാനിയേല്‍, കൃഷി ഓഫീസര്‍ സിന്ധു കെ. എന്നിവര്‍ പ്രസംഗിച്ചു. മേളയില്‍ സജ്ജീകരിച്ചിരുന്ന വിവിധ കൃഷി ഭവനുകളുടെയും കുടുംബശ്രീകളുടെയും കര്‍ഷക സംഘങ്ങളുടെയും സ്റ്റാളുകള്‍ ഇവിടെയെത്തിയവരെ ആകര്‍ഷിച്ചു. മികച്ച സ്റ്റാളിനുള്ള ഒന്നാം സമ്മാനം കാര്‍ത്തികപ്പള്ളി എന്റെ മണ്ണ് ഗ്രാമീണ കര്‍ഷക സംഘത്തിനും രണ്ടാം സ്ഥാനം കുമാരപുരം ഗ്രാമപഞ്ചായത്തിലെ ഗ്രീന്‍ മാര്‍ക്കറ്റ് ഇക്കോ ഷോപ്പിനും ലഭിച്ചു.
