ആലപ്പുഴ: അങ്ങാടിക്കല്‍ തെക്ക് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാഭ്യാസ നിലവാരങ്ങളില്‍ സമൂലമാറ്റവുമായി സുഗന്ധം കൂട്ടായ്മ രൂപീരിച്ചു. അധ്യാപകരുടേയും, രക്ഷിതാക്കളുടേയും കുട്ടായ്മയില്‍, ഒരുമയോടെയാണ് പുതിയൊരു തിരി തെളിയിച്ചിരിക്കുന്നത്. 1999ല്‍ പ്ലസ്ടു ആരംഭിച്ച കലാലയത്തില്‍ സയന്‍സ്- കൊമേഴ്‌സ്- ഹ്യുമാനിറ്റീസ് എന്നീ വിഷയങ്ങളിലായി 500 വിദ്യാര്‍ത്ഥികളാണുള്ളത്. അടുത്ത വര്‍ഷം കുടുതല്‍ എപ്ലസ് കാരെ സൃഷ്ടിക്കുകയെന്നത് ഇത് കൊണ്ട് ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായി സ്‌ക്കുളില്‍ പ്രവര്‍ത്തിക്കുന്ന എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ആലാ പെണ്ണുക്കര വിശ്വഭാരതി ഗ്രന്ഥശാലയുമായി ചേര്‍ന്ന് വിദ്യാഭ്യാസ കലണ്ടറും തയ്യാറാക്കി. കുട്ടികള്‍ക്കും സുഗന്ധം കൂട്ടായ്മയില്‍ പങ്കാളിത്തമുണ്ട്. ഓരോ കുട്ടിയുടെയും വിശദമായ വ്യക്തിവിവര കുറിപ്പുകള്‍ പുസ്തക രൂപത്തില്‍ തയ്യാറാക്കി അക്കാദമിക്കും- അക്കാദമിയിതേതരവുമായ രംഗങ്ങളില്‍ പരിപൂര്‍ണ്ണമായ പിന്തുണ ഉറപ്പാക്കുക, എക്‌സൈസ് വകുപ്പുമായി സഹകരിച്ച് ലഹരിക്കടിമപ്പെട്ടു പോകാതിരിക്കുവാനുള്ള ശക്തമായ ഇടപെടലുകള്‍ നടത്തുക, മാസം തോറും അസസ്‌മെന്റ് ടെസ്റ്റുകള്‍ നടത്തിയും ഹാജര്‍ നിലവാരവും വീട്ടിലറിയിക്കുന്ന സംവിധാനം ഒരുക്കുക, അവധിക്കലത്ത് വീട്ടിലിരുന്ന് പഠിക്കുന്നതിനായി അച്ചടിച്ച പാഠ്യ പദ്ധതികള്‍ ലഭ്യമാക്കുക, കലാമേളയിലും, യുവജനോല്‍സവങ്ങളിലും മറ്റ് മേഖലകളിലും കുട്ടികളുടെ പരമാവധി പങ്കാളിത്തം ഉറപ്പാക്കുക, ഐ.എ.എസ് പോലുള്ള മല്‍സര പരീക്ഷാ പരിശീലന പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ ഉറപ്പാക്കുക തുടങ്ങിയവയും ഇതിലൂടെ ലക്ഷ്യമിടുന്നു.

നഗരസഭാ കൗണ്‍സിലര്‍ ഹരിദാസ് സുഗന്ധം കൂട്ടായ്മയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. എസ്.എം.സി ചെയര്‍മാന്‍ ഷാജി മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വിദ്യാഭ്യാസ കലണ്ടര്‍ ചെങ്ങന്നൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി.ബി.ഷാജ് ലാല്‍ പ്രകാശനം ചെയ്തു. ചടങ്ങില്‍ കാഴ്ച പരിമിതിയെ അതിജീവിച്ച് പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം കൈവരിച്ച ഷാനി, എം വര്‍ഗീസ്, സുഗന്ധം കൂട്ടായ്മയിലൂടെ പഠന മികവു പുലര്‍ത്തിയ സിജു, അനുയോജ്യമായ വേഷവിധാനങ്ങളിലേക്കു മാറിയ സുദീപ്, മികച്ച എന്‍എസ്എസ് വോളന്റിയര്‍മാരെയും അനുമോദിച്ചു. പ്രിന്‍സിപ്പല്‍ സുനു സൂസന്‍ മാത്യു, എന്‍.എസ് എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എം.കെ റാണി തുടങ്ങിയവര്‍ സംസാരിച്ചു.