ചന്ദനത്തോപ്പ് ഐ.ടി.ഐ യില്‍ 11 കോടിയുടെ വികസന പദ്ധതി – മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ
സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ മാതൃകാ സ്ഥാപനമായ ചന്ദനത്തോപ്പ് ഗവണ്‍മെന്റ് ഐ.ടി.ഐ യില്‍ 11 കോടിയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. 60 ലേറെ കമ്പനികള്‍ പങ്കെടുക്കുന്ന സ്‌പെക്ട്രം തൊഴില്‍ മേളയുടെ ഉദ്ഘാടനവും പുതുതായി അനുവദിച്ച അഡ്മിസ്‌ട്രേഷന്‍ ബ്ലോക്കിന്റെ ശിലാസ്ഥാപനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 2.5 കോടിയുടെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തിയാകും മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക.
സംസ്ഥാനത്ത് പഠിച്ചിറങ്ങുന്ന എല്ലാ ഐ.ടി.ഐ വിദ്യാര്‍ഥികള്‍ക്കും തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനാണ് ജോബ് ഫെയറുകള്‍ സംഘടിപ്പിക്കുന്നത്. ഓട്ടോമൊബൈല്‍, ഫുഡ് പ്രോസസിംഗ്, ഇലക്‌ട്രോണിക്‌സ്, ഇലക്ട്രിക്കല്‍, കണ്‍സ്ട്രക്ഷന്‍ മേഖലകളില്‍ തൊഴില്‍ നൈപുണ്യം നേടിയവരെ വന്‍തോതില്‍ ആവശ്യമുണ്ട്. ഈ സാഹചര്യം പ്രയോജനപ്പെടുത്താന്‍ ഐ.ടി.ഐ വിദ്യാര്‍ഥികള്‍ക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു.
ചന്ദനത്തോപ്പ് ഐ.ടി.ഐ യെ ഹരിത കാമ്പസായി മന്ത്രി പ്രഖ്യാപിച്ചു. അഖിലേന്ത്യാ സ്‌കില്‍ കോമ്പറ്റീഷന്‍ വിജയികളായ ട്രെയിനികള്‍ക്ക് സ്വര്‍ണ്ണ മെഡലുകളും നൈപുണ്യ കര്‍മ്മസേനാംഗങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. 622 വിദ്യാര്‍ഥികള്‍ തൊഴില്‍ മേളയില്‍ പങ്കെടുത്തു.
ചന്ദനത്തോപ്പ് ഗവണ്‍മെന്റ് ഐ.ടി.ഐ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി അധ്യക്ഷയായി. വ്യാവസായിക പരിശീലന വകുപ്പ് ഡയറക്ടര്‍ എസ്. ചന്ദ്രശേഖരന്‍, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. സന്തോഷ്, പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍. അനില്‍, ജില്ലാ പഞ്ചായത്തംഗം ഡോ. കെ. രാജശേഖരന്‍, ജനപ്രതിനിധികളായ സിന്ധു മോഹന്‍, വി. മനോജ്, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി.കെ. നസീം, ഐ.ടി.ഡി അഡീഷണല്‍ ഡയറക്ടര്‍ പി.കെ. മാധവന്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്. ഐസക്ക്, പി.കെ. ഇന്ദിര, ബി. ഹരേഷ്‌കുമാര്‍, പ്രിന്‍സിപ്പല്‍ ബി. വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.