സാമൂഹിക ബന്ധങ്ങളില്‍ ജാതിമത ചിന്തകള്‍ മതിലുകള്‍ തീര്‍ക്കുന്ന കാലത്ത് സൗഹാര്‍ദ്ദത്തിന്റെ സന്ദേശവുമായി മൊഗ്രാല്‍ പുത്തൂരിന്റെ ഉണര്‍ത്തു പാട്ടായി ഗ്രാമോത്സവം തുടരുന്നു. ഒന്നരമാസം നീളുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി ഗ്രാമപഞ്ചായത്ത് ഐ സി ഡി എസ്, സി എച്ച് മുഹമ്മദ് കോയ സ്മാരക വായനശാല എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മൊഗ്രാല്‍പുത്തൂര്‍ കുന്നിലില്‍ കിഡ്‌സ് ഫെസ്റ്റ് സംഘടിപ്പിച്ചു. പഞ്ചായത്തിലെ മുഴുവന്‍ അങ്കണവാടികളിലെ കുട്ടികളും അധ്യാപകരും പങ്കെടുത്ത ഫെസ്റ്റ് ഉത്സവപ്രതീതി സൃഷ്ടിച്ചു. വിവിധ അങ്കണവാടികളിലെ കുരുന്നുകള്‍ ആവേശപൂര്‍വ്വം കലാപരിപാടികള്‍ അവതരിപ്പിച്ചു.
കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ്മ ഇബ്രാഹിം പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എ എ ജലീല്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ ഷെമീറ ഫൈസല്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മുജീബ് കമ്പാര്‍, പഞ്ചായത്ത് അംഗങ്ങളായ ഫൗസിയ മുഹമ്മദ്, എസ് എച്ച് ഹമീദ്, പ്രമീള, ലീല, ജയന്തി, ഐ സി ഡി എസ് സൂപ്പര്‍ വൈസര്‍ ബബിത, വായന ശാലാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അന്യംനിന്നു പോവുന്ന പ്രാദേശിക കലാരൂപങ്ങള്‍ പുതുതലമുറക്ക് കൈമാറാനും കലാകായികസാംസ്‌കാരിക രംഗങ്ങളില്‍ യുവജനതയുടെ ഇടപെടല്‍ സജീവമാക്കുന്നതിനുമായാണ് മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഗ്രാമോത്സവം സംഘടിപ്പിക്കുന്നത്. ആഘോഷത്തിന്റെ ഭാഗമായി കലാപരിപാടികള്‍, പ്രദര്‍ശനങ്ങള്‍, സെമിനാറുകള്‍, കായിക മത്സരങ്ങള്‍, ഗ്രാമീണജീവത്തിന്റെ ഭൂതകാലം വിവിരിക്കുന്ന ചരിത്ര പ്രദര്‍ശനങ്ങള്‍, മെഡിക്കല്‍ ക്യാംപുകള്‍ തുടങ്ങിയവ സംഘടിപ്പിച്ചു വരുന്നു.
