കാസര്‍കോട്: കര്‍ണാടകയില്‍ കുരങ്ങുപനി പടരുന്ന സാഹചര്യത്തില്‍ ജില്ലയിലും ജാഗ്രത വേണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി സജിത്ത് ബാബു അറിയിച്ചു. കുരങ്ങുപനി അഥവാ ക്യാസൈനൂര്‍ ഫോറെസ്‌റ് ഡിസീസ്,റഷ്യന്‍ സ്പ്രിങ് സമ്മര്‍ കോംപ്ലക്‌സില്‍പെടുന്ന ഒരുതരം വൈറസ് മൂലമാണ് ഉണ്ടാകുന്നത്. ഈ വൈറസ് മൂലം വനപ്രദേശങ്ങളില്‍ കുരങ്ങുകള്‍ മരിച്ചു വീഴുന്നതു കാരണമാണ് ഇതു കുരങ്ങുപനി എന്നറിയപ്പെടുന്നത്.
കുരങ്ങുപനി വൈറസ്, സാധാരണ വനാന്തരങ്ങളില്‍ ജീവിക്കുന്ന അണ്ണാന്‍, ചെറിയ സസ്തനികള്‍, കുരങ്ങന്മാര്‍, ചിലയിനം പക്ഷികള്‍ തുടങ്ങിയവയില്‍ കാണപ്പെടുന്നു. ഇത്തരം ജീവികളുടെ രക്തം കുടിച്ചു വളരുന്ന ഹീമോഫിസാലിസ് വര്‍ഗത്തില്‍പ്പെട്ട ചെള്ളുകള്‍ ആണ് രോഗാണുവിനെ മനുഷ്യരില്‍ എത്തിക്കുന്നത്. ഇത്തരം ചെള്ളുകളുടെ കടിയേല്‍ക്കുന്നതു വഴിയോ രോഗമുള്ളതോ, അടുത്തകാലത്ത് മരിച്ചതോ ആയ കുരങ്ങുമായുള്ള സമ്പര്‍ക്കം വഴിയോ ആണ് മനുഷ്യര്‍ക്ക് ഈ രോഗം ഉണ്ടാകുന്നത്. ആട്, ചെമ്മരിയാട്,പശു തുടങ്ങിയവയെയും കുരങ്ങുപനി വൈറസ് ബാധിക്കുമെങ്കിലും ഇവക്ക് രോഗം പരത്തുന്നതില്‍ പങ്കില്ല. എങ്കിലും വളര്‍ത്തുമൃഗങ്ങളായാ പശുക്കള്‍, നായകള്‍ എന്നിവയുടെ ദേഹത്ത് രോഗവാഹകരായ ചെള്ളുകള്‍ കയറാനും അതുവഴി മനുഷ്യവാസകേന്ദ്രങ്ങളിലേക്കു ഈ ചെള്ളുകള്‍ വ്യാപിക്കാനും സാധ്യതയുണ്ട്.
രോഗാണു വാഹകരായ ചെള്ളുകള്‍ വഴി മൃഗങ്ങളില്‍നിന്നും മനുഷ്യരിലേക്കു രോഗം ബാധിക്കുന്നു. രോഗാണു ശരീരത്തില്‍ പ്രവേശിച്ചു മൂന്നു മുതല്‍ എട്ടുദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായേക്കാം. ശക്തിയായ പനി, തലവേദന, ശരീരവേദന, വയറുവേദന ചിലപ്പോള്‍ വയറിളക്കം തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. രോഗം മൂര്‍ച്ഛിച്ചാല്‍ ശരീരഭാഗങ്ങളില്‍ നിന്നുള്ള രക്തസ്രാവം, ബോധക്ഷയം, അപസ്മാര ലക്ഷണങ്ങള്‍ തുടങ്ങിയവ ഉണ്ടായേക്കാം.
വ്യക്തി സുരക്ഷാ മാര്‍ഗങ്ങള്‍
രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ കഴിവതും യാത്ര ഒഴിവാക്കുക. വനപ്രദേശങ്ങളില്‍ ജോലി സംബന്ധമായി പോകുന്നവര്‍ ശരീരം മൂടുന്ന വസ്ത്രങ്ങള്‍, കയ്യുറകള്‍, കാലുറകള്‍, വലിയ ബൂട്ടുകള്‍ തുടങ്ങിയ വ്യക്തിസുരക്ഷാ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക. കുരങ്ങുകളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക. വനപ്രദേശത്തു താമസിക്കുന്നവര്‍ ശരീരത്തില്‍ ചെള്ളുകള്‍ പറ്റിപിടിച്ചിരിക്കാവുന്ന സാഹചര്യങ്ങളെ ഒഴിവാക്കണം. വസ്ത്രങ്ങള്‍ ചൂടുവെള്ളത്തില്‍ മുക്കി കഴുകി വെയിലത്തു ഉണക്കി എടുക്കണം . വീട്ടിലെ കന്നുകാലികള്‍ ,നായ്ക്കള്‍ എന്നിവ വനത്തില്‍ പോകാനിടയുണ്ടെങ്കില്‍ അവയുടെ ദേഹത്ത് ചെള്ളുകള്‍ കയറാതിരിക്കാന്‍ മൃഗാശുപത്രിയില്‍ ലഭ്യമാകുന്ന ലേപനങ്ങള്‍ വാങ്ങി പുരട്ടണം. കുരങ്ങുമരണം ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ തന്നെ ജില്ലാ അധികാരികളെ വിവരം അറിയിക്കുക
മരിച്ചു കിടക്കുന്ന കുരങ്ങുകളുടെ ജഡം വ്യക്തിസുരക്ഷാ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് കൈകാര്യം ചെയുക. രോഗബാധയേറ്റു മരിച്ചു വീഴുന്ന ജീവികളുടെ ജഡത്തില്‍നിന്നും ചെള്ളുകള്‍ പുറത്തുകടന്നു പുതിയ ഇരകളെ തേടി വ്യാപിക്കുന്നതിനുള്ളില്‍ ആരോഗ്യപ്രവര്‍ത്തകരുമായി സഹകരിച്ച് ചെള്ള് നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം.
ജില്ലയില്‍ എവിടെയെങ്കിലും കുരുങ്ങുപനിബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഉടന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ഡി എം ഒ ഹെല്‍ത്ത്)-9946105497,ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍-9447979076 എന്നീ നമ്പറുകളില്‍ വിവരമറിയിക്കണം
കുരങ്ങുപനി ബാധയേല്‍ക്കാന്‍ സാദ്ധ്യത കൂടിയവര്‍
വനത്തിനകത്തു ജോലി ചെയ്യുന്നവര്‍,വനംവകുപ്പ് ജീവനക്കാര്‍ പ്രത്യേകിച്ചും വാച്ചര്‍, ഗാര്‍ഡ് തുടങ്ങിയവര്‍,വനത്തിനുള്ളില്‍ വസിക്കുന്ന ആദിവാസി വിഭാഗം,വനാതിര്‍ത്തിയിലെ താമസക്കാര്‍,വനമേഖലയിലെ ആരോഗ്യവകുപ്പ് ഫീല്‍ഡ് ജീവനക്കാര്‍, ആശ വര്‍ക്കര്‍മാര്‍, അംഗണ്‍വാടി ജീവനക്കാര്‍,വിറക്‌ശേഖരണം, വിനോദസഞ്ചാരം, പക്ഷി-മൃഗ നിരീക്ഷണം തുടങ്ങിയ പ്രവര്‍ത്തിക്കായി വനത്തിനുള്ളില്‍ പ്രവേശിക്കുന്നവര്‍,രോഗാണു,ചെള്ള് പഠനത്തിലേര്‍പ്പെടുന്നവര്‍, മൃഗങ്ങളുടെ ജഡം കൈകാര്യം ചെയ്യുന്നവര്‍, പോസ്റ്റുമോര്‍ട്ടം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ കുരങ്ങുപനി ബാധയേല്‍ക്കാന്‍ സാദ്ധ്യത കൂടിയവരാണ്.