പൊതുവിദ്യാലയങ്ങളിൽ നിന്നും പട്ടികവർഗ്ഗ വിദ്യാർഥികളുടെ കൊഴിഞ്ഞ് പോക്കും ഹാജർക്കുറവും പരിഹരിക്കാൻ ഓപ്പറേഷൻ സ്റ്റെപ് അപ് പദ്ധതിയുമായി മേപ്പാടി ഗ്രാമപഞ്ചായത്ത്. വിവിധ വകുപ്പുകളുമായി ചേർന്ന് കോളനികൾ സന്ദർശിച്ച് കുട്ടികളെ തിരികെ എത്തിക്കാനാണ് ശ്രമം. പദ്ധതിയുടെ തുടക്കമെന്ന നിലയിൽ പഞ്ചായത്തിലെ 21-ാം വാർഡിൽപ്പെട്ട ചേമ്പോത്തറ, വീട്ടിമറ്റം, കല്ലുമല കോളനികളിൽ സന്ദർശനം നടത്തി. വിവിധ വകുപ്പുഉദ്യോഗസ്ഥർ അടങ്ങിയ സംഘം കുട്ടികൾ, രക്ഷിതാക്കൾ, കോളനിമൂപ്പൻമാർ എന്നിവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. വരും ദിവസങ്ങളിൽ മറ്റു കോളനികളിലും സന്ദർശനം നടത്തും. കോളനിക്കാരുടെ വിവിധ ആവശ്യങ്ങളും പരാതികളും സംഘം കേട്ടു. തദ്ദേശ സ്വയംഭരണ വകുപ്പ് ,വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യമേഖല, സംയോജിത ആദിവാസി വികസന വകുപ്പ്, പൊലീസ്, എക്സൈസ്, ബാലവകാശ കമ്മീഷൻ, ലീഗൽ സർവ്വീസ് തുടങ്ങിയവരുടെ സഹകരണത്തോടെയാണ് ഓപ്പറേഷൻ സ്റ്റെപ് അപ്പിന്റെ പ്രവർത്തനം. ഘട്ടംഘട്ടമായി കോളനികൾ സന്ദർശിച്ച് അവബോധം നൽകി മുഴുവൻ കുട്ടികളേയും സ്‌കൂളിലെത്തിക്കുകയാണ് ലക്ഷ്യം. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ജം പൂർണ്ണവിജയത്തിലെത്തിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. പട്ടികവർഗ്ഗ വിഭാഗങ്ങളിലെ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്കും ഹാജർക്കുറവും ജില്ലയിൽ പ്രധാന പ്രശ്നങ്ങളിലൊന്നാണ്. വിളവെടുപ്പ് കാലമാവുമ്പോൾ ആദിവാസി കുട്ടികൾ പഠനം നിറുത്തി തൊഴിൽമേഖലയിൽ ആകൃഷ്ടരാവുന്ന സാഹചര്യവും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് മേപ്പാടി ഗ്രാമപഞ്ചായത്ത് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സ്റ്റെപ്പ് അപ് പദ്ധതി നടപ്പാക്കുന്നത്. പ്രളയാനന്തരം സ്‌കൂളിൽ നിന്നും കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്തിൽ ഡ്രോപ് ഔട്ട് ഫ്രീ വയനാട് പദ്ധതിയും നടപ്പിലാക്കി വരികയാണ്. ജില്ലാ ലീഗൽ സർവ്വീസ് സൊസൈറ്റി സെക്രട്ടറി സബ് ജഡ്ജ് കെ.പി സുനിത, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ സഹദ്, എസ്.എസ്.കെ. ജില്ലാ പ്രോജക്ട് ഓഫിസർ ജി.എൻ. ബാബുരാജ്, പ്രോഗ്രാം ഓഫീസർ എം.ഒ സജി, പൊലീസ്, എക്സൈസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, അധ്യാപകർ, പഞ്ചായത്ത് പ്രതിനിധികൾ, ട്രൈബൽ പ്രൊമോട്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.
