ഓരോ മാസവും മൂവായിരത്തില്‍ അധികം പരാതികളാണ് വനിതാ കമ്മീഷന് മുന്നില്‍ എത്തുന്നതെന്ന് വനിതാ കമ്മീഷന്‍ അംഗം അഡ്വ. എം.എസ് താര. പറഞ്ഞു. പ്രശ്‌നങ്ങളോട് പ്രതികരിക്കാന്‍ പെണ്‍കുട്ടികള്‍ മുന്നോട്ട് വരുന്നത് നല്ല സൂചനയാണ്. അദാലത്തുകളില്‍ പരാതി നല്‍കി ഹാജരാവാതിരിക്കുന്ന പരാതിക്കാര്‍ ഗുരുതര നിയമവീഴ്ചയാണ് നടത്തുന്നതെന്നും അവര്‍ പറഞ്ഞു. ജില്ലയില്‍ നടത്തിയ വനിതാകമ്മീഷന്‍ മെഗാ അദാലത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. സിറ്റിംഗില്‍ 93 പരാതികള്‍ പരിഗണിച്ചു. കഴിഞ്ഞ സിറ്റിംഗില്‍ നീട്ടി വച്ച 17 പരാതികള്‍ ഉള്‍പ്പടെയാണിത്. ലഭിച്ചതില്‍ ആറ് പരാതികള്‍ പരിഹരിച്ചു. ഒരു കേസ് കൗണ്‍സിലിംഗിനായി വിട്ടു. 49 പരാതികള്‍ അടുത്ത അദാലത്തില്‍ പരിഹരിക്കും. വ്യത്യസ്തമായ പരാതികളാണ് അദാലത്തില്‍ ലഭിച്ചതെന്ന് കമ്മീഷന്‍ അംഗങ്ങള്‍ പറഞ്ഞു. സ്വത്തിന് വേണ്ടി വൃദ്ധരായ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന കേസുകളും വ്യാജ ഒപ്പിട്ട് സര്‍ക്കാര്‍ ആനുകൂല്യം കൈപ്പറ്റിയ കേസും ലൈഗിക അതിക്രമ കേസുകളും കമ്മീഷന്‍ പരിഗണിച്ചു. അയല്‍വാസിയുടെ അക്രമണം നേരിട്ടതിനെ തുടര്‍ന്ന് നിയമസഹായം തേടാന്‍ പോലീസ് സ്റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിക്കെതിരെ പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായ തെറ്റായ അനുഭവത്തെക്കുറിച്ച് അന്വേഷിക്കാനും നടപടി സ്വീകരിക്കാനും റൂറല്‍ എസ്പി ക്ക് ശുപാര്‍ശ നല്‍കിയതായി കമ്മീഷന്‍ അറിയിച്ചു. പൂതിയ തലമുറ പ്രായമുള്ളവരെ പുരാവസ്തുക്കളായി കാണുന്ന അവസ്ഥക്ക് മാറ്റം വരണം. ഇത് സംബന്ധിച്ച് വയോജന നിയമം കൂടെ ഉപയോഗിച്ച് സംസ്ഥാനത്തുടനീളം ബോധവല്‍കരണ പരിപാടികള്‍ സംഘടിപ്പിച്ചു വരികയാണെന്നും കമ്മീഷന്‍ പറഞ്ഞു. കമ്മീഷന്‍ അംഗങ്ങളായ ഷാഹിദ കമാല്‍, ഇ.എം രാധ വനിതാ കമ്മീഷന്‍ എസ്.ഐ എല്‍ രമ തുടങ്ങിയവര്‍ കേസുകള്‍ പരിഗണിച്ചു.