ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് കോഴിക്കോട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ പി കെ ഹനീഫയുടെ നേതൃത്വത്തില്‍ നടത്തി. ആകെ 14 കേസുകള്‍ പരിഗണിച്ചു. ആറു കേസുകള്‍ ഉത്തരവിനായി മാറ്റി. സുല്‍ത്താന്‍ബത്തേരി സ്വദേശി ചുള്ളിയോട് അപ്പംകണ്ടത്തില്‍ റെയ്ഹാനത്ത് എന്‍ വിയ്ക്ക് 2018 ജൂണില്‍ കെ ടെറ്റ് പരീക്ഷ എഴുതി ലഭിച്ച സര്‍ട്ടിഫിക്കറ്റില്‍ ഇസ്ലാം മാപ്പിള എന്നതിന് പകരം ജനറല്‍ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഒ ബി സി യ്ക്ക് സംവരണപ്രകാരം പാസാകാന്‍ 82 മാര്‍ക്ക് മതി എന്നിരിക്കെ ഇവര്‍ക്ക് 85 മാര്‍ക്കാണ് ലഭിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ മാര്‍ക്ക് ലിസ്റ്റ് തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയെങ്കിലും പ്രയോജനമൊന്നുമുണ്ടായില്ല. പരീക്ഷ കമ്മീഷണര്‍ പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് വരുന്ന പിഴവുകള്‍ പരിഹരിക്കാന്‍ പറ്റില്ല എന്നായിരുന്നു മറുപടി. തുടര്‍ന്ന് ന്യൂനപക്ഷകമ്മീഷന്റെ ഇടപെടലോടെ ഹര്‍ജിക്കാരിക്ക് കെ ടെറ്റില്‍ ഒ ബി സി ആനുകൂല്യം ലഭിക്കുന്നതിന് അര്‍ഹതയുണ്ടെന്ന് ഉത്തരവ് ഉണ്ടായി.
എസ് ഐ യു സി ക്രിസ്ത്യന്‍ വിഭാഗത്തില്‍ പെട്ട ചേവായൂര്‍ സ്വദേശി സി രാജന്‍ നാടാര്‍ മകള്‍ക്ക് വിദ്യാഭ്യാസ പ്രവേശനത്തിന് നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കോഴിക്കോട് തഹസില്‍ദാര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചെങ്കിലും അര്‍ഹതയില്ലെന്ന അറിയിപ്പ് ലഭിച്ചു. മകള്‍ക്ക് അഡ്മിഷന്‍ കിട്ടാന്‍ തടസമുണ്ടായതോടെ കമ്മീഷന്‍ മുമ്പാകെ പരാതിയെത്തുകയും റവന്യൂവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് അടിയന്തിരമായി അന്വേഷണം നടത്തി വിഷയത്തില്‍ നടപടി എടുക്കാന്‍ ഉത്തരവിടുകയും ചെയ്തു. പരാതികള്‍ തിരുവനന്തപുരം ശാസ്തമംഗലത്തുള്ള ന്യൂനപക്ഷ കമ്മീഷന്‍ ഓഫീസ് വിലാസത്തില്‍ അയക്കേണ്ടതാണെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ അറിയിച്ചു.