ഇമ്പിച്ചി ബാവ ഭവന നിര്‍മാണപദ്ധതിയിലെ ഗുണഭോക്താക്കളുടെ അവലോകനയോഗം ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഹാളില്‍ നടന്നു. എഴുപതു ശതമാനം ഫണ്ടുപയോഗിച്ച പദ്ധതിയില്‍ ശേഷിക്കുന്ന മുപ്പതുശതമാനം ഫണ്ടുകൂടി വിനിയോഗിക്കുന്നതിന്റെ ഭാഗമായാണ് ഗുണഭോക്താക്കളുടെ മീറ്റിങ് വിളിച്ചുചേര്‍ത്തത്. 52 ഗുണഭോക്താക്കളാണ് യോഗത്തില്‍ പങ്കെടുത്തത്. വിധവകളോ വിവാഹബന്ധം വേര്‍പെടുത്തിയവരോ, ഭര്‍ത്താക്കന്‍മാര്‍ കാണാതായവരോ ആയ മുസ്‌ലിം, ക്രിസ്ത്യന്‍, ജൈന, പാഴ്‌സി, ബുദ്ധ, സിഖ് വിഭാഗങ്ങളില്‍ പെട്ടവരാണ് ഈ പദ്ധതിയിലെ ഗുണഭോക്താക്കള്‍.
പദ്ധതിയിലെ ഭവന നിര്‍മാണങ്ങള്‍ക്കു സാങ്കേതിക തടസ്സം ഉണ്ടാകുന്നത് നിലം, പാടം, തീരദേശം എന്നിവയുമാണ് ബന്ധപ്പെട്ടാണ്. അത്തരം പ്രശ്‌നങ്ങള്‍ അനുഭാവപൂര്‍വം നിയമത്തിന്റെ പരിധിയില്‍ നിന്നു പരിഗണിക്കാന്‍ വകുപ്പ് ശ്രമിക്കുന്നുണ്ട്. നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങള്‍ യോഗം വിലയിരുത്തി. പദ്ധതിയുടെ ഭാഗമായി അനുവദിച്ചു കിട്ടുന്ന തുക സ്വന്തം അക്കൗണ്ടിലേക്ക് എത്തിയിട്ടു പോലും അത് അറിഞ്ഞിട്ടില്ലാത്തവരും ഗുണഭോക്താക്കളിലുണ്ടായിരുന്നു. അനുവദിച്ച തുക പൂര്‍ണമായും കാര്യക്ഷമമായി ചെലവഴിച്ച ശേഷം പദ്ധതിയിലേക്ക് 75 ലക്ഷം രൂപ കൂടി അനുവദിച്ചു കിട്ടാനുള്ള ശ്രമത്തിലാണ് ന്യൂനപക്ഷ വകുപ്പ്. യോഗത്തില്‍ ഡയറക്ടര്‍ എ.ബി.മൊയ്തീന്‍കുട്ടി, സീനിയര്‍ ക്ലാര്‍ക്കുമാരായ ടി.കെ.അബ്ദുള്‍ നാസര്‍, എം.ബസന്ത്, ഹുസൂര്‍ ശിരസ്തദാര്‍ കലാഭാസ്‌കര്‍ എന്നിവര്‍ പങ്കെടുത്തു.