പ്രളയം ഏൽപ്പിച്ച കനത്ത ആഘാതത്തിൽ നിന്നും ഫീനിക്‌സ് പക്ഷിയെ പോലെ ഉയിർത്തെഴുന്നേൽക്കുകയാണ് വയനാടൻ ടൂറിസം മേഖല. വേനലവധിക്കാലം ശരാശരി 68 ലക്ഷം രൂപ വരുമാനമുണ്ടായിരുന്ന ജില്ലയുടെ ടൂറിസം മേഖല പ്രളയത്തെ തുടർന്ന് അഞ്ചര ലക്ഷത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. എന്നാൽ ഡിടിപിസിയുടെ പ്രധാന കേന്ദ്രങ്ങളിൽ നിന്നും പ്രളയാനന്തരം സെപ്തംബർ, ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലെ വരുമാനം കാണിക്കുന്നത് ശുഭസൂചനകളാണ്. സെപ്തംബർ മുതൽ ഡിസംബർ വരെ 93,98,654 രൂപ വരുമാനമായി ലഭിച്ചു. ഡിടിപിസിയുടെ ഡോർമിറ്ററി സംവിധാനം വഴി നവംബറിൽ ലഭിച്ച 66,970 രൂപയുമടക്കമാണിത്.

ആഗസ്റ്റ് മാസത്തെ പ്രളയം ടൂറിസം മേഖലയെ ഒന്നാകെ പിടിച്ചുലച്ചിരുന്നു. പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ നിന്ന് ആഗസ്റ്റിൽ ലഭിച്ചത് വെറും 5,44,100 രൂപയായിരുന്നു! പക്ഷേ, ഇന്നു സ്ഥിതിയാകെ മാറി. പ്രതിസന്ധികളിൽ പകച്ചുനിൽക്കാൻ തയ്യാറാകാതിരുന്ന മേഖല ഇന്ന് കുതിപ്പിന്റെ പാതയിലാണ്. പൊടുന്നനെ താഴ്ന്ന വരുമാന ഗ്രാഫ് കുത്തനെ മുകളിലേക്ക് ഉയർന്നു. പ്രളയശേഷം വിവിധ ടൂറിസം കേന്ദ്രങ്ങളിൽ ലഭിച്ച വരുമാനത്തിന്റെ കണക്കെടുത്താൽ ഇക്കാര്യം വ്യക്തമാവും. സെപ്തംബർ, ഒക്ടോബർ മാസങ്ങളിൽ സഞ്ചാരികളെ പ്രവേശിപ്പിക്കാതിരുന്ന കാന്തൻപാറ വെള്ളച്ചാട്ടം ഒഴികെ മറ്റ് കേന്ദ്രങ്ങളിൽ വരുമാനം പതിയെ കൂടിക്കൊണ്ടിരുന്നു.

പ്രകൃതിയാലും കാലാവസ്ഥയാലും സമ്പന്നമാണ് വയനാട്. ടൂറിസം മേഖല ജില്ലയുടെ സമ്പദ് വ്യവസ്ഥയുടെ പ്രധാന അടിത്തറകളിലൊന്നാണ്. പൂക്കോട്, അമ്പലവയൽ വയനാട് ഹെറിറ്റേജ് മ്യൂസിയം, കർലാട് തടാകം, കാന്തൻപാറ വെള്ളച്ചാട്ടം, എടയ്ക്കൽ ഗുഹ, കുറുവാദ്വീപ് എന്നിവയാണ് ഡിടിപിസിയുടെ കീഴിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ. ഈ വർഷം ഏപ്രിൽ മുതൽ ഡിസംബർ വരെ ഓരോ കേന്ദ്രത്തിലും ലഭിച്ച വരുമാനം: പൂക്കോട്- 1,35,91,415, ഹെറിറ്റേജ് മ്യൂസിയം- 6,82,710, കർലാട്- 16,35,160, കാന്തൻപാറ- 6,81,680, എടയ്ക്കൽ- 55,47,320, കുറുവ- 19,07,704. 2017-18 സാമ്പത്തിക വർഷം നവംബർ വരെ പൂക്കോട് തടാകം സന്ദർശിക്കാൻ 8,80,666 സഞ്ചാരികളെത്തി. അമ്പലവയൽ ഹെറിറ്റേജ് മ്യൂസിയം 1,01,839 പേർ സന്ദർശിച്ചു. എടയ്ക്കൽ ഗുഹ സന്ദർശിച്ചത് 4,08,884 പേരാണ്. കുറുവയിൽ പാൽവെളിച്ചം ഭാഗത്തു ഡിടിപിസിയും പാക്കം വഴി വനംവകുപ്പും 475 വീതം സഞ്ചാരികളെയാണ് ദിവസേന ദ്വീപിലേക്ക് പ്രവേശനം അനുവദിക്കുന്നത്. കുറുവാദ്വീപിൽ 1,03,331 സന്ദർശകർ നവംബർ 30 വരെയെത്തി. കാന്തൻപാറ വെള്ളച്ചാട്ടം സന്ദർശിച്ചത് 4,59,18 പേരാണ്. 75,408 പേർ കർലാട് തടാകത്തിലെത്തി. മുൻ വർഷങ്ങളിൽ ടൂറിസം മേഖലയിലുണ്ടായ നേട്ടങ്ങൾക്കപ്പുറം എത്താനുള്ള ശ്രമങ്ങളാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടത്തിവരുന്നത്. പുതിയ കേന്ദ്രങ്ങൾ കണ്ടെത്തി ടൂറിസം വികസന പ്രവൃത്തികൾ പുരോഗമിക്കുകയാണ്. സഞ്ചാരികൾ ഏറെയെത്തുന്ന കുറുമ്പാലക്കോട്ടയും പുതിയ കേന്ദ്രമാവും.

പ്രളയാനന്തരം ഡിടിപിസി കേന്ദ്രങ്ങളിലെ വരുമാനം

പൂക്കോട് – 490776 (സെപ്തംബർ), 1143400 (ഒക്ടോബർ), 1642560 (നവംബർ), 2101718 (ഡിസംബർ) – 5378454 (ആകെ)

വയനാട് ഹെറിറ്റേജ് മ്യൂസിയം – 22380 (സെപ്തംബർ), 46210 (ഒക്ടോബർ), 61870 (നവംബർ), 81450 (ഡിസംബർ) – 211910

കർലാട് – 57210 (സെപ്തംബർ), 129500 (ഒക്ടോബർ), 165420 (നവംബർ), 228950 (ഡിസംബർ) – 581080

കാന്തൻപാറ – 0 (സെപ്തംബർ), 0 (ഒക്ടോബർ), 75020 (നവംബർ), 48500 (ഡിസംബർ) – 123520

എടയ്ക്കൽ – 157230 (സെപ്തംബർ), 320300 (ഒക്ടോബർ), 639130 (നവംബർ), 684020 (ഡിസംബർ) – 1867650

കുറുവ – 64110 (സെപ്തംബർ), 137150 (ഒക്ടോബർ), 264430 (നവംബർ), 703384 (ഡിസംബർ) – 1169070

ആകെ – 791706 (സെപ്തംബർ), 17,76,560 (ഒക്ടോബർ), 29,15,396 (നവംബർ), 38,48,022 (ഡിസംബർ) – 9331684