കുന്ദമംഗലം നിയോജകമണ്ഡലത്തില്‍ ഹരിതകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൈനര്‍ ഇറിഗേഷന്‍ പ്രവൃത്തികള്‍ക്ക് 95 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ വെളൂര്‍ പാടശേഖരത്തിന് 80 ലക്ഷം രൂപയുടെയും പുഞ്ചപ്പാടം കരിങ്കുറ്റിക്കാവ് തോട്ടുപുറം തോട് സംരക്ഷണത്തിന് 15 ലക്ഷം രൂപയുടേയും ഭരണാനുമതിയാണ് ലഭ്യമാക്കിയിട്ടുള്ളത്. കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 21 ല്‍ ഉള്‍പ്പെട്ട വെളൂര്‍ പാടശേഖരത്തില്‍ മഴക്കാലത്ത് വെള്ളക്കെട്ടും വേനല്‍ക്കാലത്ത് വരള്‍ച്ചയും കാരണം കൃഷി നടത്താന്‍ ഏറെക്കാലമായി കര്‍ഷകര്‍ പ്രയാസപ്പെടുകയാണ്. കുന്ദമംഗലം  അങ്ങാടിയില്‍  നിന്ന് ആരംഭിച്ച് പൂനൂര്‍ പുഴയുടെ കേക്കാല്‍കടവില്‍ സംഗമിക്കുന്ന തോടിന്റെ സംരക്ഷണവും തടയണ നിര്‍മ്മാണവും ഉള്‍പ്പെടെയുള്ള പ്രവൃത്തികളാണ് നടത്തുന്നത്.
സി.ഡബ്ല്യു.ആര്‍.ഡി.എം മുഖേന നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ സമര്‍പ്പിച്ച പ്രൊപ്പോസല്‍ പ്രകാരമാണ് പദ്ധതി നടപ്പിലാക്കുന്നത്. തോട്ടിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും വശങ്ങള്‍ കെട്ടി സംരക്ഷിച്ച് ഒഴുക്ക് സുഗമമാക്കുകയും ചെയ്യുന്നതുവഴി നാഷണല്‍ ഹൈവേയുടെ പടിഞ്ഞാറ് ഭാഗത്ത്  കുന്ദമംഗലം അങ്ങാടി മുതലുള്ള  ഭാഗത്തെ വെള്ളകെട്ട് ഒഴിവായിക്കിട്ടുന്നതിനും ഇത് ഗുണകരമാവും. തടയണ നിര്‍മ്മിക്കുന്നതിലൂടെ 40 ഏക്കര്‍ പാടശേഖരം കൃഷി യോഗ്യമാക്കുന്നതിന് സഹായകരമാവും. ഡ്രിപ്പ് ഇറിഗേഷന്‍ കൂടി ലക്ഷ്യമിടുന്നതിനാല്‍ സമീപ പ്രദേശത്തെ നാണ്യവിളകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും കിണറുകളിലെ ജലവിതാനം ഉയരുന്നതിനും പദ്ധതി ഉപകാരപ്പെടും. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് 11 ാം വാര്‍ഡ്  പുഞ്ചപ്പാടം കരിങ്കുറ്റിക്കാവ്  തോട്ടുപുറം തോടിന്റെ  ഇരുകരകളും കെട്ടി സംരക്ഷിക്കുന്നത് കൃഷിക്കാര്‍ക്ക് ഏറെ സഹായകരമാവുമെന്നും എം.എല്‍.എ പറഞ്ഞു