സെക്രട്ടേറിയറ്റിന് മുന്നിൽ എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി നടത്തുന്ന സമരം പിൻവലിക്കണമെന്നും എൻഡോസൾഫാൻ ബാധിതരാണോയെന്ന് മാനദണ്ഡപ്രകാരം പുനപരിശോധന നടത്തി അർഹരെ കണ്ടെത്തി ലിസ്റ്റ് തയ്യാറാക്കുമെന്നും റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനും ആരോഗ്യമന്ത്രി കെ. കെ. ശൈലജ ടീച്ചറും പറഞ്ഞു. റവന്യു മന്ത്രിയുടെ നിയമസഭയിലെ ചേംബറിൽ സമരക്കാരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു.
1905 പേരെയും ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്നാണ് സമരക്കാരുടെ ആവശ്യം. വിദഗ്ധ ഡോക്ടർമാർ അടങ്ങിയ പാനൽ 90 ദിവസത്തിനകം പരിശോധന നടത്തും. നേരത്തെ അർഹരെ കണ്ടെത്താൻ മെഡിക്കൽ ക്യാമ്പ് നടത്തിയപ്പോൾ ഹർത്താൽ കാരണം പങ്കെടുക്കാൻ കഴിയാതിരുന്നവർക്കായി പ്രത്യേക ക്യാമ്പ് നടത്താമെന്നും സമരക്കാരെ അറിയിച്ചിട്ടുണ്ട്. ദുരന്തബാധിത കുടുംബത്തിലെ രണ്ടു കുട്ടികളിൽ ഒരാളെ മാത്രം ഉൾപ്പെടുത്തിയത് സംബന്ധിച്ച് സമരക്കാരുടെ പ്രതിനിധികൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരം കേസുകൾ പ്രത്യേകം പരിഗണിക്കും. മൂന്നു ലക്ഷം രൂപ വരെ കടബാധ്യതയുള്ളവരുടെ കടം എഴുതിത്തള്ളുന്നതിനായി 4.63 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നേരത്തെ 50,000 രൂപ വരെയുള്ള കടങ്ങൾ എഴുതിത്തള്ളുന്നതിന് 2.67 കോടി രൂപ അനുവദിച്ചിരുന്നു. പൂർണമായി കിടപ്പിലായവർ, മരണമടഞ്ഞവർ, മാനസിക ബുദ്ധിമുട്ടനുഭവിക്കുന്നവർ എന്നീ വിഭാഗങ്ങൾക്ക് അഞ്ച് ലക്ഷം രൂപയും മറ്റു വിഭാഗങ്ങളിലുള്ളവർക്ക് മൂന്നു ലക്ഷം രൂപയും സാമ്പത്തിക സഹായം നൽകിക്കൊണ്ടിരിക്കുകയാണ്. സർക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി ആറ് ബഡ്‌സ് സ്‌കൂളുകൾ കാസർകോട് ഉദ്ഘാടനം ചെയ്യും. മൂന്നു ബഡ്‌സ് സ്‌കൂളുകളുടെ പ്രവൃത്തികൾ അന്തിമ ഘട്ടത്തിലാണ്. ദുരന്തബാധിതരെ ശാസ്ത്രീയമായി പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി പുളിയാർ പഞ്ചായത്തിൽ 68 കോടി രൂപ ചെലവഴിച്ച് പദ്ധതി നടപ്പാക്കും. ഇതിനുള്ള വിശദമായ പദ്ധതി രൂപരേഖ ഊരാളുങ്കൽ സൊസൈറ്റി തയ്യാറാക്കിക്കഴിഞ്ഞു. ഈ മേഖലയിൽ ബാക്കിവന്ന എൻഡോസൾഫാൻ ശാസ്ത്രീയമായി നിർവീര്യമാക്കുന്നതിന് പെസ്റ്റിസൈഡ് ഇന്ത്യാ ലിമിറ്റഡുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ നടപടിയെടുത്തിട്ടുണ്ടെന്നും മന്ത്രിമാർ അറിയിച്ചു.
സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ, കാസർകോ്ട് ജില്ലാ കളക്ടർ ഡോ. ഡി. സജിത്ബാബു എന്നിവരും ചർച്ചയിൽ സംബന്ധിച്ചു.