സമൂഹത്തില്‍ എല്ലാ മേഖലകളിലും സ്ത്രീകള്‍ മാനിക്കപ്പെടുന്ന സാഹചര്യം സംജാതമാകുന്നതിന് ലിംഗ വിവേചനത്തിനെതിരെ പുതുതലമുറ ജാഗരൂകരാകണമെന്ന് ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു പറഞ്ഞു. അഖില കേരളാ ബാല ജന സഖ്യത്തിന്റെ 90-ാം വാര്‍ഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം കോട്ടയത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീ പുരുഷവ്യത്യാസത്തിന് അതീതമായി കുട്ടികളുടെ കാഴ്ചപ്പാടുകള്‍ വിപുലപ്പെടുത്തണം. സ്ത്രീകള്‍ക്കെതിരെ വിവേചനം പുലര്‍ത്തുന്നത് ഭാരതസംസ്ക്കാരത്തിന്റെ പാരമ്പര്യമല്ല. അക്കാദമിക തലങ്ങളില്‍ മികവു പുലര്‍ത്തുന്നത് പെണ്‍കുട്ടികളാണെന്നത് തനിക്ക് നേരിട്ട് ബോധ്യമുള്ള വസ്തുതയാണെന്ന് അദ്ദേഹം പറഞ്ഞു.
അച്ചടക്കവും മൂല്യബോധവുമുള്ളവരായി വളരുന്നതിന് അഞ്ച് കാര്യങ്ങള്‍ പാലിക്കണമെന്ന് അദ്ദേഹം കുട്ടികളോട് ആഹ്വാനം ചെയ്തു. മാതാപിതാക്കളെയും, ഗുരുക്കന്മാരെയും ജന്മസ്ഥലം, മാതൃഭാഷ, മാതൃരാജ്യം എന്നിവയും ആദരവോടെ സ്മരിക്കണം. മലയാളം സുന്ദരമായ ഭാഷയാണ്. മാതൃഭാഷ പഠിക്കുന്നതിനും സംസാരിക്കുന്നതിനും കുട്ടികളെ പ്രോത്സാഹിപ്പിക്കണം. ഒപ്പം മറ്റു ഭാഷകള്‍ പഠിക്കാനും തയ്യാറാകണം. ക്രാഫ്റ്റ്, കായികപരിശീലനം, സന്മാര്‍ഗ്ഗശാസ്ത്രം എന്നിവ സ്കൂള്‍ പാഠ്യപദ്ധതിയില്‍ അനിവാര്യമായി ഉള്‍പ്പെടുത്തണം. യോഗ നിര്‍ബന്ധമായും കുട്ടികള്‍ പരിശീലിക്കണം. സാമൂഹ്യപ്രവര്‍ത്തനത്തില്‍ ആഭിമുഖ്യം ഉണ്ടാകുന്നതിന് എന്‍.സി.സി, എന്‍.എസ്.എസ് പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരണമെന്നും പഠനത്തിനായി പുറം രാജ്യത്ത് പോകുന്നവര്‍ നേടിയ കഴിവുകള്‍ ഇന്ത്യയെ ശക്തിപ്പെടുത്താന്‍ വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മാമ്മന്‍ മാപ്പിള ഹാളില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് (റിട്ട) പി. സദാശിവം അദ്ധ്യക്ഷത വഹിച്ചു. കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍ കുമാര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ, ജസ്റ്റിസ്(റിട്ട) സിറിയക് ജോസഫ്, ടി.കെ.എ നായര്‍, ഡോ. പി.എം. മുബാറക് പാഷ തുടങ്ങിയവര്‍ സംസാരിച്ചു. ആന്റോ ആന്റണി എം.പി, ജില്ലാ കളക്ടര്‍ പി. കെ സുധീര്‍ ബാബു, ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍, നഗരസഭാ അദ്ധ്യക്ഷ ഡോ. പി.ആര് സോന, സബ് കളക്ടര്‍ ഈശപ്രിയ തുടങ്ങിയവര്‍ പങ്കെടുത്തു. മലയാള മനോരമ മാനേജിംഗ് എഡിറ്റര്‍ ജേക്കബ് മാത്യു സ്വാഗതവും ബാലജനസഖ്യം സംസ്ഥാന പ്രസിഡന്റ് അഞ്ജിത അശോക് നന്ദിയും പറഞ്ഞു.
രാവിലെ 11 ന് വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്ററില്‍ പോലീസ് പരേഡ് ഗ്രൗണ്ടില്‍ എത്തിയ ഉപരാഷ്ട്രപതിയെ ഗവര്‍ണര്‍ ജസ്റ്റിസ് (റിട്ട) പി. സദാശിവം, കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍ കുമാര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ, ഐ.ജി (സെക്യൂരിറ്റി) ലക്ഷ്മണ് ഗുഗുലോത്ത്, ജില്ലാ കളക്ടര്‍ പി.കെ സുധീര്‍ ബാബു, ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍, നഗരസഭാ അദ്ധ്യക്ഷ ഡോ. പി.ആര് സോന, ജയന്ത് മാമ്മന്‍ മാത്യു എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. സബ് കളക്ടര്‍ ഈശപ്രിയ, എ.ഡി.എം അലക്സ് ജോസഫ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിനി കെ. തോമസ് എന്നിവരും സന്നിഹിതരായിരുന്നു. ഉദ്ഘാടനത്തിന് ശേഷം നാട്ടകം ഗവ. ഗസ്റ്റ് ഹൗസില്‍ വിശ്രമിച്ച് ഉച്ചയ്ക്ക് 1.40ന് ഹെലികോപ്റ്ററില്‍ കൊല്ലത്തേയ്ക്ക് പോയി.