തരിശ് കൃഷി വ്യാപകമാക്കി നെല്ലുല്പാദനത്തില്‍ മികച്ച നേട്ടം കൈവരിച്ച  കോട്ടയം ജില്ല സംസ്ഥാനത്തിന് മാതൃകയാണെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ. വി. എസ് സുനില്‍ കുമാര്‍ പറഞ്ഞു. കോടിമത മുപ്പായിക്കാട് പൂഴിക്കുന്ന് പാടശേഖരത്തില്‍ വിതമഹോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷി വകുപ്പിനൊപ്പം ജനകീയ കൂട്ടായ്മകളും കര്‍ഷകരും ജനപ്രതിനിധികളും അണിനിരന്നതാണ് ഈ നേട്ടത്തിന്  കാരണമെന്ന് അദ്ദേഹം പറഞ്ഞു.
  കാര്‍ഷിക മേഖലയുടെ വിസ്തൃതി വര്‍ദ്ധിപ്പിച്ചതിനാലാണ് മികച്ച ഉല്പാദനക്ഷമത നേടിയെടുക്കാന്‍ സാധിച്ചത്. പരമാവധി  അഞ്ച് ടണ്‍ നെല്ല് ലഭിക്കുന്നിടത്ത് ഒന്‍പത് ടണ്ണിലേക്ക് എത്തിക്കാന്‍ സാധിച്ചു. 200 ഏക്കറോളം സ്ഥലത്താണ് വവിതമഹോത്സവം നടത്തിയത്. വിതയ്ക്ക് മുന്നോടിയായി  പുതിയ മോട്ടോര്‍ തറ സ്ഥാപിച്ചിരുന്നു. മീനച്ചിലാര്‍- മീനന്തറയാര്‍  കൊടൂരാര്‍ നദീ പുനര്‍സംയോജന പദ്ധതിയുടെ ഭാഗമായി ജനകീയ കൂട്ടായ്മയില്‍ മണിപ്പുഴ തോട് നവീകരിച്ച് ജലലഭ്യത ഉറപ്പ് വരുത്തിയിരുന്നു.
   തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സന്‍ ഡോ.പി.ആര്‍ സോന, കൗണ്‍സിലര്‍മാരായ  സരസമ്മാള്‍,  സനല്‍ തമ്പി, ഹരിത കേരളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. രമേശ്, കൃഷി അസി.ഡയറക്ടര്‍ മിനി എസ് തമ്പി , ഇറിഗേഷന്‍ എക്‌സി.എഞ്ചിനീയര്‍ ഡോ.കെ.ജെ ജോര്‍ജ്, അസി.എക്‌സി.എഞ്ചിനീയര്‍ ആര്‍. സുശീല, കൃഷി എഞ്ചിനീയര്‍ മുഹമ്മദ് ഷെറീഫ് തുടങ്ങിയവര്‍ സംസാരിച്ചു. മീനച്ചിലാര്‍- മീനനന്തറയാര്‍  കൊടൂരാര്‍ നദീ പുനര്‍സംയോജന പദ്ധതി കോ-ഓര്‍ഡിനേറ്റര്‍  അഡ്വ.കെ.അനില്‍കുമാര്‍ സ്വാഗതവും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ റെജിമോള്‍ മാത്യു നന്ദിയും പറഞ്ഞു.