പിറവം: സംസ്ഥാന സർക്കാരിന്റെ ആയിരം കലാകാരന്മാർക്കുള്ള വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിക്ക് പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിൽ തുടക്കമായി. ഷഡ്കാല ഗോവിന്ദമാരാർ സ്മാരക കലാസമിതി പ്രസിഡൻറ് പ്രൊഫ. ജോർജ്ജ് എസ്. പോൾ പദ്ധതി ഉദ്ഘാടനം ചെയ്തു.

പദ്ധതിയുടെ ഭാഗമായി പ്രായഭേദമെന്യേ മോഹിനിയാട്ടം, കഥകളിപഥം, കച്ചേരി, പെയിൻറിംഗ്, ചെണ്ട തുടങ്ങി വിവിധ കലകളിൽ സൗജന്യ പരിശീലനം നൽകും. രാമമംഗലം, ഊരമന, പാമ്പാക്കുട, തിരുമാറാടി, പാലക്കുഴ, ഇലഞ്ഞി എന്നീ കേന്ദ്രങ്ങളിൽ ഫെല്ലോഷിപ്പ് ലഭിച്ച കലാകാരന്മാർ പരിശീലനം നൽകും.

എല്ലാ കലാകാരന്മാർക്കും കലകളെ കൊണ്ട് ഉപജീവനം സാധ്യമല്ലാത്ത അവസ്ഥയിലാണ് സംസ്ഥാനസർക്കാർ തിരഞ്ഞെടുത്ത ആയിരം കലാകാരന്മാർക്ക് ഫെല്ലോഷിപ്പ് ഏർപ്പെടുത്തിയതെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രൊഫ. ജോർജ്ജ് എസ്. പോൾ പറഞ്ഞു. പദ്ധതി കലാരംഗത്ത് വലിയ മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കും. പദ്ധതി ആദ്യമായി നടപ്പിലാക്കിയ പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിനെ അദ്ദേഹം അഭിനന്ദിച്ചു. വിവിധ കലകളുടെ പശ്ചാത്തലം അധ്യാപകർ പഠിതാക്കൾക്ക് പകർന്നുനൽകാൻ ശ്രദ്ധിക്കണമെന്ന് പറഞ്ഞ അദ്ദേഹം കേരള സംസ്കാരത്തിന്റെ മുഖമുദ്ര കലകളാണെന്നും കൂട്ടിച്ചേർത്തു. കൂടുതൽ കാണുവാനും കേൾക്കുവാനും കലാ പഠിതാക്കളും ആസ്വാദകരും ഒരുപോലെ ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഷഡ്കാല ഗോവിന്ദമാരാർ കലാനിലയത്തിന് കീഴിൽ നടക്കുന്ന വിവിധ പരിപാടികൾ മികച്ച ആസ്വാദന പഠനാവസരങ്ങൾ ഒരുക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

വള്ളത്തോൾ സ്ഥാപിച്ച കലാമണ്ഡലത്തിന് എല്ലാവിധ പിന്തുണയും നൽകിയത് 1957ലെ ഇ.എം.എസ് സർക്കാരാണ്. ജോസഫ് മുണ്ടശ്ശേരിയുടെ നേതൃത്വത്തിൽ കലാമണ്ഡലത്തിന്റെ സമഗ്രവികസനത്തിന് പദ്ധതികൾ ഉണ്ടാക്കി. കലാമണ്ഡലം ഇല്ലാത്ത കേരളത്തെക്കുറിച്ച് ഇന്ന് സങ്കല്പിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ അധ്യക്ഷത വഹിച്ച പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമിത് സുരേന്ദ്രൻ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ വികസനം ലക്ഷ്യമിട്ടാണ് കലാകാരന്മാർക്കുള്ള വജ്രജൂബിലി ഫെലോഷിപ്പ് പോലുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നതെന്ന് പറഞ്ഞു. പദ്ധതിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് ബ്ലോക്ക് പഞ്ചായത്ത് അഞ്ചുലക്ഷം രൂപയാണ് നീക്കിവച്ചിരിക്കുന്നത്. ഷഡ്കാല ഗോവിന്ദമാരാരുടെ ജന്മംകൊണ്ട് പ്രസിദ്ധമായ പ്രദേശമെന്ന നിലയിൽ പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിന് കലാ-സാംസ്കാരികരംഗത്ത് കൂടുതൽ ഉത്തരവാദിത്വങ്ങൾ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പദ്ധതിയുടെ ഭാഗമായി പ്രായഭേദമില്ലാതെ വിവിധ കലകളിൽ സൗജന്യ പരിശീലനം ലഭിക്കും. സൗജന്യ പരിശീലന കേന്ദ്രങ്ങളും അവയുടെ ഫോൺ നമ്പറുകളും. രാമമംഗലം പഞ്ചായത്തിൽ ഊരമന വൈ.എം.എ ലൈബ്രറി 9400870767, പാമ്പാക്കുട ഗ്രാമ പഞ്ചായത്ത് ഹാൾ 6238022250, പാലക്കുഴ അഗ്രികൾച്ചർ മാർക്കറ്റ് 9446930745, തിരുമാറാടി പഞ്ചായത്ത് എടപ്ര കവലയിൽ ഭരണി ചേതന കേന്ദ്രം 8113808546, ഇലഞ്ഞി ഗ്രാമപഞ്ചായത്ത് ഹാൾ 8157981269.

പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജെസ്സി ജോണി, പാലക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോഷി സ്കറിയ, തിരുമാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.എൻ വിജയൻ, ഇലഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയ്സ് മാമ്പിള്ളി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജയ ബിജുമോൻ, ശ്യാമള ഗോപാലൻ, വി. സി കുര്യാക്കോസ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബൈജു ടി. പോൾ എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിന്റെ ഭാഗമായി വിവിധ കലാകാരന്മാർ മോഹിനിയാട്ടം, കഥകളിപഥ കച്ചേരി, കേളി, പെയിൻറിംഗ് എന്നീ കലാപരിപാടികൾ അവതരിപ്പിച്ചു.