പെരുമ്പാവൂർ : രായമംഗലം ഗ്രാമ പഞ്ചായത്തിലെ കീഴില്ലം ഗവ. യു.പി സ്‌കൂളിൽ നിർമ്മിക്കുന്ന പുതിയ അക്കാദമിക്ക് ബ്ലോക്കിന്റെ ശിലാസ്ഥാപനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മിനി ബാബു ഉദ്ഘാടനം നിർവഹിച്ചു. ഇൻസ്പെയർ പെരുമ്പാവൂർ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് പുതിയ അക്കാദമിക് കെട്ടിടം നിർമ്മിക്കുന്നത്. എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 65 ലക്ഷം രൂപ ചിലവഴിച്ചാണ് സ്കൂൾ കെട്ടിടത്തിന് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. നാല് ക്ലാസ് മുറികളും ഒപ്പം പാചകപ്പുരയും പുതിയ കെട്ടിടത്തിൽ ഉണ്ടാകും. രണ്ട് നിലകളിലായി 2873 ചതുരശ്രയടി ചുറ്റളവിലാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. ഭാവിയിൽ കൂടുതൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് ഉതകുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയത്.
രായമംഗലം ഗ്രാമപഞ്ചായത്തിൽ 1885 ൽ സ്ഥാപിതമായ ഈ സ്കൂൾ അപ്പർ പ്രൈമറി വിഭാഗത്തിലെ പ്രധാനപ്പെട്ട വിദ്യാലയമാണ്. പ്രി പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ 8 ഡിവിഷനുകളിലായി 148 കുട്ടികൾ 133 വർഷം പിന്നിട്ട ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. കാലപ്പഴക്കം മൂലം ക്ലാസ് മുറികൾ കാലഹരണപ്പെട്ടതിനെ തുടർന്നാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. സംസ്ഥാന സർക്കാർ പൊതുമേഖല സ്ഥാപനമായ കെൽ ആണ് പദ്ധതിയുടെ നിർമ്മാണ ചുമതല നിർവ്വഹിക്കുന്നത്.
പഞ്ചായത്ത് മെമ്പർ ജ്യോതിഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ബേസിൽ പോൾ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ .പി വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.സി മനോജ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഐസക്ക് തുരുത്തിയിൽ, മേരി പൗലോസ്, ശോഭന ഉണ്ണി, എ.ഇ.ഒ കെ.വി ഉണ്ണികൃഷ്ണൻ, ബി.ആർ.സി പ്രതിനിധി കൃഷ്ണകുമാർ, ഹെഡ്മിസ്ട്രസ് സർലാ ദേവി, പി.ടി.എ പ്രസിഡന്റ് ശിവപ്രസാദ് എസ്, സി രാജേന്ദ്രൻ നായർ, സീനിയർ അസിസ്റ്റന്റ് ജയൻ പി.ബി എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ ക്യാപ്ഷൻ: കീഴില്ലം ഗവൺമെൻറ് യുപി സ്കൂളിൽ നിർമ്മിക്കുന്ന പുതിയ അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മിനി ബാബു നിർവഹിക്കുന്നു.